Connect with us

Articles

മോഹന്‍ ഭഗവതിനോട് ഈ ചോദ്യങ്ങള്‍

Published

|

Last Updated

ബഹുമാനപ്പെട്ട ശ്രീ മോഹന്‍ജി
ഭഗവത്,
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ കുറിപ്പ്.
പതിനെട്ട് മാസം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഇത:പര്യന്തമുള്ള പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ തൃപ്തനാണോ? വിദേശത്തുനിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ തീരെ വിജയിച്ചിട്ടില്ല എന്നാണ് എന്റെ വിലയിരുത്തല്‍. കഴിഞ്ഞ സര്‍ക്കാറിനെ നിയന്ത്രിച്ചിരുന്ന അതേ മൂലധനശക്തികള്‍ തന്നെയാണ് ഈ സര്‍ക്കാറിന്റേയും നയപരിപാടികള്‍ തീരുമാനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോഴും ഇവിടുത്തെ സാധാരണക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതും ഖേദകരമാണ്.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയവും ഭയവും നിലനില്‍ക്കുന്നു. ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകം, പ്രൊഫ. കെ എസ് ഭഗവാനു നേരെയുള്ള വധഭീഷണി, മാട്ടിറച്ചിയെച്ചൊല്ലി ഉത്തര്‍പ്രദേശിലെ ദാദ്രിയിലുണ്ടായ ദാരുണ സംഭവം ഇവയെ ഒന്നും അപ്പോഴപ്പോള്‍ അപലപിക്കാന്‍ ആര്‍ എസ് എസ് എന്തുകൊണ്ട് തയ്യാറായില്ല? ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയാണ് വേണ്ടിയിരുന്നത്.
മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ മഹത്‌വത്കരിക്കാന്‍ സമീപകാലത്ത് ഹിന്ദുമഹാസഭ ശ്രമിച്ചുവരികയാണ്. അവര്‍ അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം രക്തസാക്ഷിദിനമായി ആചരിക്കാനും പ്രതിമ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. അതിനെ എന്തുകൊണ്ടാണ് ആര്‍ എസ് എസ് അപലപിക്കാത്തത്?
സംവരണവിഷയത്തില്‍ ആര്‍ എസ് എസിന്റെ നിലപാട് വ്യക്തമാക്കണം. ജാതി സംവരണം തുടണമെന്നാണോ അതോ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നാണോ സംഘം ആഗ്രഹിക്കുന്നത്?
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ സര്‍ക്കാര്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്തു. സംഘ്പരിവാര്‍ സംഘടനകള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. (ഓള്‍ ഇന്ദിരാ റേഡിയോ എന്ന എല്‍ കെ അഡ്വാനിയുടെ പരാമര്‍ശം ഓര്‍മിക്കുക) സര്‍സംഘ്ചാലകിന്റെ വിജയദശമി പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതും അധികാര ദുര്‍വിനിയോഗമല്ലേ? വരും വര്‍ഷങ്ങളിലെങ്കിലും അതിനു വിലക്ക് കല്‍പ്പിക്കുമോ?
പരിസ്ഥിതി വിഷയങ്ങളില്‍, പ്രത്യേകിച്ച് പശ്ചിമഘട്ട സംരക്ഷണം, ആറന്മുള വിമാനത്താവളം, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്നിവയില്‍ കടുത്ത നിലപാടാണ് സംഘ്പരിവാര്‍ കൈക്കൊണ്ടിരുന്നത്. പക്ഷേ, കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ അതേ നയസമീപനങ്ങളാണ് ഇപ്പോഴത്തെ കേന്ദ്ര ഗവണ്‍മെന്റും പിന്തുടരുന്നത്. ഇക്കാര്യത്തില്‍ ആര്‍ എസ് എസിന്റെ നിലപാട് വ്യക്തമാക്കണം.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം സമുദായാംഗങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന, പൊതുവില്‍ മതസൗഹാര്‍ദ ത്തിന് പേരുകേട്ട സംസ്ഥാനമാണ് കേരളം. ഘര്‍ വാപസി പോലുള്ള പരിപാടികള്‍ കൊണ്ടും വിദ്വേഷ പ്രചാരണത്താലും ഇന്നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് താങ്കള്‍ നിര്‍ദേശം നല്‍കുകയാണെങ്കില്‍ അത് ഉചിതമായിരിക്കും.
ആത്മാര്‍ഥതയോടെ
എ ജയശങ്കര്‍

 

---- facebook comment plugin here -----

Latest