ഒമാനില്‍ എണ്ണവില വര്‍ധന ജനുവരി 15 മുതല്‍

പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിക്കും
Posted on: December 31, 2015 8:40 pm | Last updated: December 31, 2015 at 8:40 pm

petrol.omanമസ്‌കത്ത്: രാജ്യത്ത് ഏര്‍പ്പെടുത്തുന്ന എണ്ണ വില വര്‍ധന ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരും. ധനകാര്യ മന്ത്രി ദര്‍വിശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂശിയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, വര്‍ധിപ്പിക്കുന്ന നിരക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഒമാനില്‍ എണ്ണ വില വര്‍ധന കൊണ്ടുവരുന്നത്. എണ്ണ പാചക വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഒമാന്‍ റിഫൈനറീസ് ആന്റ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (ഓര്‍പിക്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് പുതിക്കിയ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിക്കും. പുതിയ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവാദിത്വം കമ്മിറ്റിയാണ് നിര്‍വഹിക്കുക. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള നടപടികള്‍ക്കും കമ്മിറ്റി മേല്‍നോട്ടം വഹിക്കും.
എണ്ണ വില വര്‍ധന അടക്കമുള്ള സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റിന് ചൊവ്വാഴ്ചയാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വരുമാന നികുതി വര്‍ധിപ്പിക്കുക, സര്‍ക്കാറിന്റെ ചെലവുകള്‍ ചുരുക്കുക, സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് ചെലവ് വര്‍ധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ നടപടികളാണ് ബജറ്റില്‍ പ്രധാധമായും നിര്‍ദേശിക്കുന്നത്.
ബജറ്റില്‍ കൊണ്ടു വരുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഗുണകരമാകുന്നതും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതുമാണെന്ന് മന്ത്രി ദര്‍വിശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂശി വ്യക്തമാക്കി.
ഫിനാന്‍ഷ്യന്‍ അഫയേഴ്‌സ് ആന്റ് എനര്‍ജി റിസോഴ്‌സ് കൗണ്‍സിലിന്റെയും സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗിന്റെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതടക്കമുള്ള കാര്യങ്ങളടങ്ങിയ ബജറ്റ് ഈ ആഴ്ചയില്‍ തന്നെ അവതരിപ്പിക്കും.
യു എ ഇയിലും സഊദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ എണ്ണ വില വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ നേരത്തെ തയാറെടുത്തിരുന്നു.