മറൈന്‍ പോലീസ് ബറ്റാലിയന്‍ കാസര്‍കോട്ട് സ്ഥാപിക്കുന്നു

Posted on: December 31, 2015 12:13 am | Last updated: December 30, 2015 at 10:14 pm
SHARE

കാസര്‍കോട്: സംസ്ഥാനത്ത് മറൈന്‍ പോലീസ് ബറ്റാലിയന് കാസര്‍കോട്ട് സ്ഥാപിക്കുന്നതിന് സാധ്യതയേറി. ഇതിനുവേണ്ട സ്ഥലം കണ്ടെത്താന്‍ കോസ്റ്റല്‍ പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാസര്‍കോട് സന്ദര്‍ശിച്ചു.
ബറ്റാലിയന്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ് കോസ്റ്റല്‍ പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ മടക്കര, കുളങ്ങാട്ട് മല, കാര്യങ്കോട് വീരമലക്കുന്ന് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചത്. ഇവിടെയുള്ള സര്‍ക്കാര്‍ ഭൂമി പരിശോധിച്ച അദ്ദേഹം മടക്കര കുളങ്ങാട്ടുമല ബറ്റാലിയന് അനുയോജ്യമാണെന്ന് കണ്ടെത്തി.
തീരസുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി സ്ഥാപിക്കുന്ന മറൈന്‍ പോലീസ് ബറ്റാലിയന്‍ കാസര്‍കോട് ജില്ലയ്ക്ക് തന്നെ ലഭിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായിട്ടുള്ളത്. മറൈന്‍ പോലീസ് ബറ്റാലിയനില്‍ ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുക.
അതോടൊപ്പം തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച തൃക്കരിപ്പൂര്‍, കുമ്പള കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളും കോസ്റ്റല്‍ പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയായ രണ്ട് പോലീസ് സ്‌റ്റേഷനുകള്‍ക്കും അനുവദിച്ച പോലീസ് ജീപ്പുകള്‍ സ്‌റ്റേഷനില്‍ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മാസം പകുതിയോടെ രണ്ട് സ്‌റ്റേഷനുകളുടേയും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here