സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ റഷ്യക്ക് കൈമാറിത്തുടങ്ങി

Posted on: December 30, 2015 5:26 am | Last updated: December 30, 2015 at 12:26 am

ടെഹ്‌റാന്‍: ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യക്ക് കൈമാറിത്തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവകരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കരാറനുസരിച്ച്, ഇറാനെതിരെ ചുമത്തിയിരുന്ന പ്രധാന ഉപരോധങ്ങളെല്ലാം പിന്‍വലിച്ചിരുന്നു.
25,000 പൗണ്ട്(11,000 കിലോഗ്രം) തൂക്കം വരുന്ന താഴ്ന്ന നിലയില്‍ സമ്പുഷ്ടീകരിച്ച യുറേനിയം വഹിച്ചുള്ള കപ്പല്‍ ഇറാനില്‍ നിന്ന് റഷ്യയിലേക്ക് യാത്ര തിരിച്ചു. ഇറാന്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ഈ നടപടി വലിയൊരു മുന്നേറ്റമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് സന്തോഷം ഉണ്ടാക്കുന്നതാണെന്നും കരാറിന്റെ അടിസ്ഥാനത്തിലുള്ള ഈ നീക്കം സുപ്രധാനമാണെന്നും പ്രസ്താവനയില്‍ കെറി ചൂണ്ടിക്കാട്ടി.
ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ജൂലൈ 14നാണ് ചരിത്രപ്രധാനമായ ആണവ കരാറില്‍ പാശ്ചാത്യ രാജ്യങ്ങളും ഇറാനും ഒപ്പ് വെച്ചത്. ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, യു എസ്, ജര്‍മനി എന്നീ രാജ്യങ്ങളുമായാണ് കരാറിലെത്തിയിരുന്നത്.
വര്‍ഷങ്ങളായി ഇറാന്റെ ആണവ മുന്നേറ്റത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അസ്വസ്ഥരായിരുന്നു. മേഖലക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ഇറാനെതിരെ രംഗത്തെത്തിയത്. എന്നാല്‍ സമാധാനപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ ആണവപരിപാടികള്‍ എന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.