Connect with us

Kerala

പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ബേങ്കുകള്‍ വഴി ചെക്കുകള്‍ വിതരണം ചെയ്യാന്‍ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സമയബന്ധിതമായി പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് ബേങ്കുകള്‍ വഴി ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 32 ലക്ഷം പേരില്‍ 18 ലക്ഷം പേര്‍ക്ക് കൃത്യമായി പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ബാക്കി 14 ലക്ഷം പേര്‍ക്കാണ് മുടങ്ങിയിരിക്കുന്നത്. ഇവര്‍ക്കായി പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ 14ലക്ഷം ബേങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ചെക്കുകള്‍ തയ്യാറാക്കി വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ വരെ മൂന്ന് മാസത്തെ പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്. ഡിസംബറും കൂടി ഉള്‍പ്പെടുത്തി നാല് മാസത്തെ പെന്‍ഷനായ 540 കോടി രൂപയാണ് 14 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക. ഇതിനായി ഓരോ ജില്ലകളിലും മന്ത്രിമാരെ ചുമതലപ്പെടുത്തും. മന്ത്രിമാര്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ച് അതാത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് മന്ത്രിമാര്‍ ചെക്കുകള്‍ കൈമാറും. പിറ്റേദിവസം തന്നെ ക്യാഷായി മാറ്റി നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്.
ഏതുദിവസം ചെക്ക് വിതരണം ചെയ്യണമെന്ന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. 14 ലക്ഷം പേര്‍ക്ക് ചെക്കുകള്‍ എപ്പോള്‍ കൊടുക്കാന്‍ കഴിയും എന്നു നോക്കിയാണ് തീയ്യതി തീരുമാനിക്കുക. ഇത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെയില്‍ പുതിയ സംരഭങ്ങളും ആലോചിക്കുന്നുണ്ട്.
പോസ്റ്റ് ഓഫിസ് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് പെന്‍ഷന്‍ വിതരണത്തിന് തടസം. 18 ലക്ഷം പേരില്‍ ആയിരത്തോളം പേരുടേത് മാത്രമാണ് സാങ്കേതിക കാരണം മൂലം തിരികെ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് അവ നല്‍കാനുള്ള നടപടികള്‍ക്ക് കാലതാമസം വരുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹാരം ഉണ്ടാക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഫീസ് ഈടാക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ എല്ലാ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സിംഗ് എയ്ഡുമാര്‍, സ്‌പ്രേമാന്‍മാര്‍, ക്ലീനിംഗ് സ്റ്റാഫ്, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ സേവനകാലാവധി ജൂണ്‍ 30 വരെ താത്ക്കാലികമായി നീട്ടാന്‍. ഇവരുടെ സേവനകാലാവധി 31 ന് തീരുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു മാസത്തേക്ക് 80 ലക്ഷം രൂപ നിരക്കില്‍ 4.8 കോടി രൂപ ഹെല്‍ത്ത് സര്‍വീസസിനും ഒരു മാസത്തേക്ക് 25 ലക്ഷം രൂപ നിരക്കില്‍ 150 ലക്ഷം രൂപ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും അനുവദിക്കും.
കൊല്ലംകോട്ടപ്പുറം ദേശീയ ജലപാത കമ്മീഷന്‍ ചെയ്ത് ഉടന്‍ ചരക്ക് ഗതാഗതം ആരംഭിക്കുന്നതിന് ഉദ്യോഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്തും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് 150 ലക്ഷം രൂപ കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന് അനുവദിക്കും. ദേശീയ ജലപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കൊല്ലം കോവില്‍ തോട്ടം പാലം നിര്‍മിക്കുന്നതിന് കെ എം എം എല്‍ന്റെ വിഹിതമായ 50 ശതമാനം തുക തത്ക്കാലം സര്‍ക്കാറില്‍ നിന്നും നല്‍കുന്നതിനും കെ എം എം എല്‍ ന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന മുറക്ക് തുക ഈടാക്കാനും തീരുമനിച്ചു.
എറണാകുളം കിഴക്കമ്പലം വില്ലേജിലെ അര്‍ഹരായ 12 കുടുംബങ്ങള്‍ക്കു പട്ടയം നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി ആറ്‌ലക്ഷം രൂപയാക്കി ഉയര്‍ത്തും.
അമേരിക്കയിലെ ലോസാഞ്ചലസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും പരിശീലകര്‍ക്കും ടീം മാനേജര്‍മാര്‍ക്കും പാരിതോഷികങ്ങള്‍ അനുവദിച്ചു. സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് അമ്പതിനായിരം രൂപ വീതവും വെള്ളി മെഡല്‍ നേടിയ വര്‍ക്ക് മുപ്പതിനായിരം രൂപ വീതവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് ഇരുപതിനായിരം രൂപ വീതവും പങ്കെടുത്തവര്‍ക്ക് പതിനായിരം രൂപ വീതവും നല്‍കും. രണ്ട് പരിശീലകര്‍ക്ക്/മാനേജര്‍മാര്‍ക്ക് ഇരുപത്തയ്യായിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.