ഉരീദുവിന്റെ എസ് എസ് എമ്മിലൂടെ സംഭാവന നല്‍കാം

Posted on: December 29, 2015 8:21 pm | Last updated: December 29, 2015 at 8:21 pm

ssmദോഹ: ഈദ് ബിന്‍ മുഹമ്മദ് അല്‍ താനി ചാരിറ്റബിള്‍ അസോസിയേഷനുള്ള (ഈദ് ചാരിറ്റി) സംഭാവനകള്‍ ഇനി ഉരീദുവിന്റെ സെല്‍ഫ് സര്‍വീസ് മെഷീനുകളിലൂടെ എപ്പോള്‍ വേണമെങ്കിലും നല്‍കാം. നേരത്തെയിത് റമസാന്‍, ഈദ് എന്നീ വിശേഷ ദിനങ്ങളില്‍ മാത്രമായിരുന്നു എസ് എസ് എമ്മിലൂടെ നല്‍കാനുള്ള സൗകര്യമുണ്ടായിരുന്നത്. രാജ്യത്തുടനീളമുള്ള ഇരുനൂറിലേറെ എസ് എസ് എമ്മിലൂടെ കാഷായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയോ ഈദ് ചാരിറ്റിക്ക് സംഭാവന നല്‍കാം. ഇതിനുള്ള കരാര്‍ ഉരീദുവും ഈദ് ചാരിറ്റിയും ഒപ്പുവെച്ചിട്ടുണ്ട്.
ഉരീദുവിന്റെ ചീഫ് സെയില്‍സ് ആന്‍ഡ് സര്‍വീസസ് ഓഫീസര്‍ അഹ്മദ് അബ്ദുല്‍ അസീസ് അല്‍ നഈമയും ഈദ് ചാരിറ്റി എക്‌സിക്യൂട്ടീവ് മാനേജര്‍ (റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മീഡിയ) നവാഫ് ബിന്‍ അബ്ദുല്ല അല്‍ ഹമ്മാദിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനം, ആരോഗ്യരംഗത്തെ പദ്ധതികള്‍, വിശുദ്ധ ഖുര്‍ആന്‍ സര്‍വീസുകള്‍, വികസന പദ്ധതികള്‍, കിണര്‍ നിര്‍മാണം, അനാഥ സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുക. ഈദ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന ചരിത്രമാണ് ഉരീദുവിന് ഉള്ളതെന്നും പുതിയ സംവിധാനത്തിലൂടെ അത് വിപുലപ്പെട്ടുവെന്നും അല്‍ നഈമ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സംവിധാനങ്ങളും സേവനങ്ങളും ഉരൂദു ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.