പബ്ലിക് ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ്

Posted on: December 29, 2015 7:26 pm | Last updated: December 30, 2015 at 9:09 pm
SHARE

busദോഹ: കര്‍വയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്കായി സീറ്റ് സംവരണം ചെയ്യുന്നു. സ്ത്രീകള്‍ പബ്ലിക് ബസുകള്‍ യാത്രക്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഗതാഗത മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ബസില്‍ മുന്നിലെ സീറ്റുകളാണ് സ്ത്രീകള്‍ക്കു വേണ്ടി മാറ്റി വെക്കുക. സാമൂഹികമധ്യത്തില്‍ സ്ത്രീകളുടെ സുരക്ഷിതമായ യാത്രയും സൗകര്യവും ഉറപ്പു വരുത്തുകകൂടി സീറ്റ് സംവരണത്തിന്റെ ലക്ഷ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബസില്‍ സ്ത്രീകള്‍ക്കായി സീറ്റുകള്‍ ഏര്‍പെടുത്തുന്നത് മാധ്യമങ്ങളിലൂടെയും മറ്റുമായി സമൂഹത്തെ ബോധവത്കരിക്കും. ബസുകളില്‍ സ്ത്രീകളുടെ സീറ്റുകള്‍ പ്രത്യേകമായി രേഖപ്പെടത്തും. പൊതുസ്ഥലങ്ങളിലും പരസ്യം ചെയ്യും. കൂടുതല്‍ യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി മന്ത്രാലയം സ്വീകിരിച്ചു വരുന്ന വിവിധ പദ്ധതികളുടെ ഭമാഗമായാണ് സ്ത്രീകള്‍ക്കുള്ള സീറ്റുകളും നടപ്പിലാക്കുന്നത്.
പബ്ലിക് ബസ് സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 150 ലോ ഫ്‌ളോര്‍ ബസുകള്‍ കര്‍വ നിരത്തിലിറക്കിയിരുന്നു. പുതിയ 150 പുതിയ ബസുകള്‍കൂടി ഈ മാസം ദോഹയിലെത്തി. ഇതില്‍ 55 ബസുകളില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ബസ് യാത്രക്കാര്‍ക്ക് പണം കൊടുത്തു സ്വീകരിക്കുന്ന പേപ്പര്‍ ടിക്കറ്റ് ഒഴിവാക്കി സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ഇപ്പോള്‍ 200 ഓളം ബസുകളാണ് രാവിലെ ഒമ്പതര മുതല്‍ രാത്രി പതിനൊന്നര വരെ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം പുതിയ നാലു റൂട്ടുകളില്‍കൂടി സര്‍വീസ് ആരംഭിക്കും. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പുതിയ റൂട്ടുകള്‍ തുടങ്ങും. നിലവിലുള്ള റൂട്ടുകളില്‍ കാത്തു നില്‍പ്പ് സമയം കുറച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും.
യാത്രക്കാരുടെ സൗകര്യത്തിനായി ബസ് റൂട്ടുകള്‍ കണ്ടുപിടിക്കുന്നതിന് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യേണ്ട സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ്‌സില്‍ നല്‍കിയാല്‍ ബസ് വരുന്ന സമയവും സ്ഥലവുമെല്ലാം ഗൂഗിള്‍ അറിയിക്കും. ഈ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ബസ് സമയങ്ങള്‍ കൂടുതല്‍ കൃത്യതയോടെയാക്കാനും പദ്ധതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here