തൊഴിലുറപ്പ് കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ധാരണ

Posted on: December 29, 2015 6:51 pm | Last updated: December 29, 2015 at 6:51 pm

കോട്ടക്കല്‍: നഗരസഭയിലെ തൊഴിലുറപ്പ് ജീവനക്കാരുടെ വേതന കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ധാരണ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തേതുള്‍പ്പടെയുള്ള കുടിശ്ശികയാണ് കൊടുക്കാന്‍ ധാരണയായത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രതിനിധികള്‍ സെക്രട്ടറി, ചെയര്‍മാന്‍ എന്നിവരെ കണ്ടിരുന്നു. വാര്‍ഡ്തല ശുചീകരണം നടത്തി വരുന്നതുമായി ബന്ധപ്പെട്ടതാണ് തുക. വാര്‍ഡ് ശുചീകരണത്തിനായി ചുമതലപ്പെടുത്തിയവരുടെ വേതനമാണ് കൊടുക്കാനുള്ളത്. ഓരോ വാര്‍ഡുകളുടെയും ശുചീകരണത്തിനായി ഏഴ് തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 32വാര്‍ഡുകളിലാണ് ശുചീകരണം നടത്തേണ്ടത്. 7000 മുതല്‍ പത്തായിരം വരെയാണ് നല്‍കാനുള്ളത്. തുക നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധി തവണ നഗരസഭ അധികൃതരെ സമീപ്പിച്ചിരുന്നെങ്കിലും ഫലം കാണാനായിരുന്നില്ല. ഇതെ തുടര്‍ന്ന് ഇന്നലെ തൊഴിലാളി പ്രതിനിധികള്‍ നഗരസഭയില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണയായത്.