Connect with us

Malappuram

മാവോയിസ്റ്റ് സാന്നിധ്യം: തിരച്ചില്‍ വൈകിയത് ആദിവാസി സുരക്ഷ മുന്‍ നിര്‍ത്തിയെന്ന് പോലീസ്

Published

|

Last Updated

നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്താന്‍ വൈകിയത് ആദിവാസികളുടെ സുരക്ഷ പരിഗണിച്ചെന്ന് പോലീസ്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് പാട്ടകരിമ്പ് കോളനിയില്‍ സ്ത്രീകളുള്‍പ്പെടെ പത്തംഗ സംഘം എത്തിയത്. സംഘം രണ്ട് മണിക്കൂറോളം കോളനിയില്‍ ചെലവഴിക്കുകും ആദിവാസികള്‍ക്ക് ക്ലാസെടുക്കുകയും സമീപത്തെ കടയിലെത്തി പലവ്യജ്ഞനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ കോളനിയിലെത്തിയ ഉടനെ വിവരം അറിഞ്ഞിട്ടും അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള പൂക്കോട്ടുംപാടം സ്റ്റേഷനില്‍ നിന്ന് പോലീസുകാരെത്തിയത് മാവോയിസ്റ്റുകള്‍ പോയി ഏറെ കഴിഞ്ഞ ശേഷമാണ്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേ സമയം 60 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നത് ആദിവാസികളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും കോളനിക്ക് പുറത്ത് വെച്ച് മാവോയിസ്റ്റുകളെ പിടികൂടാനാണ് ശ്രമിക്കുന്നതെന്നുമാണ് പോലീസ് വിശദീകരണം. അതേ സമയം കര്‍ണാടക, തമിഴ്‌നാട്, കേരള പോലീസ് സേനകള്‍ സംയുക്തമായി വനതത്തില്‍ തിരച്ചില്‍ നടത്തും. മാവോയിസ്റ്റുകള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. പ്രദേശത്ത് മാവോവാദി സാന്നിധ്യം ഉറപ്പായതിന് ശേഷം പോലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ടി കെ കോളനിയിലെ വനം വകുപ്പ് ജീവനക്കാരെ ബന്ദികളാക്കിയ സംഭവത്തിലും പാട്ടക്കരിമ്പ് കോളനിയില്‍ സംഘം എത്തിയ സംഭവത്തിലും മാവോയിസ്റ്റുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. രണ്ടു സംഭവത്തിലും ഒരേ സംഘമാണ് പങ്കെടുത്തതെന്ന് ഉറപ്പിക്കത്തക്ക തെളിവുകളാണ് ലഭിക്കുന്നത്. നാലു സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോമന്‍, സുന്ദരി, ലത, വിക്രംഗൗഡ, ആശ, പാര്‍ഥിപന്‍ എന്നിവരടങ്ങുന്ന സംഘത്തിന് സോമനാണ് നേതൃത്വം നല്‍കുന്നത്. നാടന്‍ തോക്കും റൈഫിളുകളും ഇവരുടെ കൈവശമുണ്ട്.
നാടുകാണി ദളം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍. പ്രകോപനപരമായ നീക്കങ്ങള്‍ ഇത്തരം സംഘങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ അതേ പോലെ നീങ്ങുന്നതിന് പോലീസിനാവില്ല. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കോളനിവാസികളുടെ സുരക്ഷക്കാണ് പോലീസ് മുന്‍ഗണന നല്‍കുന്നത്. വനാതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും പരിശോധനകള്‍ തുടരുന്നുണ്ട്. വനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം പരിശോധനകള്‍ക്ക് പരിമിതിയുണ്ടെന്നും പോലീസ് പറയുന്നു.

Latest