ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ സ്മാര്‍ട്ടായില്ല

Posted on: December 29, 2015 11:58 am | Last updated: December 29, 2015 at 11:58 am

ഫറോക്ക്: യാത്രക്കാര്‍ക്ക് വരിനിന്ന് ബുദ്ധിമുട്ടാതെ ടിക്കറ്റെടുക്കാന്‍ സൗകര്യം നല്‍കാനായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. നാല് മാസം മുമ്പ് സ്ഥാപിച്ച യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഫെസിലിറ്റേറ്ററെ നിയമിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത്.
സമീപ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം ഇതിനകം ഫെസിലിറ്റേറ്ററെ നിയമിച്ചുകഴിഞ്ഞുവെങ്കിലും അനുയോജ്യനായ ആളെ കണ്ടെത്താത്തതിനാലാണ് ഫറോക്കില്‍ നിയമനം നടക്കാത്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. റെയില്‍വേയില്‍ നിന്ന് വിരമിച്ച പ്രദേശവാസിയായ ആളെ ലഭിക്കാത്തതാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കാരണമെന്നാണ് അവരുടെ വിശദീകരണം.
എന്നാല്‍ ഉള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി തങ്ങളെ ക്യൂനിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന റെയില്‍വേയുടെ നിലപാടില്‍ യാത്രക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. നാല് കൗണ്ടറുകളുള്ള സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നതിനായി ഒരു കൗണ്ടര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.