അകത്തും അഴുക്കുചാ(ന)ലുകള്‍…

Posted on: December 29, 2015 5:16 am | Last updated: December 29, 2015 at 12:16 am

രാവിലെ നടക്കുന്നതിനിടയില്‍ വീട്ടിലെ മാലിന്യം പുറത്ത് കളയാന്‍ മറക്കല്ലേ. രണ്ടു ദിവസമായി മറന്നു പോകുന്നു. നാലഞ്ചു പ്ലാസ്റ്റിക് സഞ്ചി നിറയെ ഉണ്ട്. അടുക്കളച്ചുമരോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കളഞ്ഞ സ്ഥലത്ത് തന്നെ വേണ്ട. ഇന്ന് സ്ഥലം മാറ്റിയാല്‍ നന്ന്. ആരെങ്കിലും കണ്ടാല്‍ കുറച്ചിലല്ലേ?
റോഡിലും പൊതുസ്ഥലത്തും നിറയുന്ന മാലിന്യത്തിനെതിരെ ഇന്നലെ ചേര്‍ന്ന റെസിഡന്റ്‌സ് അസോസിയേഷന്‍ യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. മാലിന്യം നിറയുന്നു, പകര്‍ച്ചവ്യാധികള്‍ പടരും. അധികൃതര്‍ ജാഗ്രത പാലിക്കണം എന്നൊക്കെ. ഞാനും നല്ലൊരു പ്രസംഗം തന്നെയങ്ങ് നടത്തി.
വീട്ടിലെ മാലിന്യം ഇങ്ങനെ പുറത്തിട്ടാല്‍ മോശമല്ലേ എന്നൊരു സംശയം.
അതിന് ഞങ്ങള്‍ തന്നെ വഴി കണ്ടെത്തിയിട്ടുണ്ട്. ഡ്രൈ ഡേ എന്ന് കേട്ടിട്ടില്ലേ. അന്ന് ഞങ്ങള്‍ പുറത്തിറങ്ങും. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ അടിച്ചുവാരി കത്തിക്കും. തൂമ്പയും ചൂലും പിടിച്ചു നില്‍ക്കുന്ന വളണ്ടിയര്‍മാരുടെ പടം പത്രത്തില്‍ കാണാറില്ലേ?
എന്നിട്ടോ, ആ പുക മാലിന്യം എവിടേക്ക് പോകുന്നു?
അത് എല്ലാവര്‍ക്കും അറിവുള്ളതല്ലേ. ജനല്‍ വഴി വീട്ടിനുള്ളിലെത്തും. വായു വഴി നമ്മുടെ ഉള്ളിലുമെത്തും.
അപ്പോള്‍, പുറത്തിട്ടത് അകത്തെത്തി എന്ന് ചുരുക്കം.
അതും ശരിയാണ്. ഇതൊരു കലാപരിപാടിയായി കണ്ടാല്‍ മതി. വീണ്ടും ചലിക്കുന്ന ചക്രം എന്ന് പറഞ്ഞ പോലെ. വീണ്ടും ആരോഗ്യം മെച്ചപ്പെടുത്താന്‍(അകത്തുള്ള മാലിന്യവുമായി)പുറത്തേക്കോടുന്നു. നിക്ഷേപ സൗഹൃദ സംസ്ഥാനമാണല്ലോ, അത് ഒരിടത്ത് നിക്ഷേപിക്കുന്നു. കത്തിക്കുന്നു.
എല്ലാം ഭംഗിയായി എന്ന് വിചാരിക്കുന്നുണ്ടാകും. വീട്ടില്‍ ടെലിവിഷന്‍ കാണുമല്ലോ. നല്ല വീതിയും നീളവുമുള്ളവ.
അതില്‍ നിറയെ നീന്തിക്കളിക്കുന്ന ചാനലുകള്‍. നാനൂറിലധികം ചാനലുണ്ട് നമ്മുടെ വീട്ടില്‍.
എന്തൊക്കെ കോപ്രായങ്ങളാണ് ദിവസവും കാട്ടിക്കൂട്ടുന്നത്. ചര്‍ച്ചയോട് ചര്‍ച്ച. ആരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്ന മട്ടിലാണ് കാര്യങ്ങള്‍.
നേരം പുലര്‍ന്നാലും തീരില്ല, ചര്‍ച്ചകള്‍. നാവിന്റെ നീളം പോലെ നീണ്ടു പോകുന്നു അവ.
സീരിയലിന്റെ കാര്യവും അങ്ങനെത്തന്നെ. രണ്ടും മൂന്നും പിറന്നാളാഘോഷിക്കും ചിലവ. പകയും കുശുമ്പും വെട്ടും തട്ടുമായി പാതിരാ വരെ നീളുമവ. പണ്ടത്തെ മ വാരികകള്‍ തന്നെ. പത്തു മണിയായാല്‍ കൊലപാതകവും ആത്മഹത്യയുമാണ് എരിവും പുളിയും ചേര്‍ത്ത വിഭവങ്ങള്‍. ശരിക്കും ചുടലക്കളം തന്നെ!
കേട്ടോ, സീരിയലിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒരൊത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്. ഏഴ് മുതല്‍ എട്ട് വരെ അവളുടെ ഇഷ്ടസീരിയല്‍. പിന്നീട് എന്റെ കൈയിലെത്തും റിമോര്‍ട്ട്. അന്നന്നത്തെ മരണവാര്‍ത്ത കണ്ടില്ലേല്‍ ഉറക്കം വരില്ല, മാഷേ?
ഇതും ഒരുതരം മാലിന്യം തന്നെ. പുറത്ത് അഴുക്കുചാലുകള്‍, അകത്ത് അഴുക്കുചാനലുകള്‍! അകത്തെ മാലിന്യം പുറത്തിടുമ്പോള്‍, പുറത്തു നിന്ന് മാലിന്യങ്ങള്‍ അകത്തെത്തുന്നു, ചാ(ന)ലുകള്‍ വഴി!