മഴയില്‍ കഴിഞ്ഞ പ്രവാസികള്‍ക്ക് ഐ സി സി അഭയം നല്‍കി

Posted on: December 27, 2015 6:12 pm | Last updated: December 27, 2015 at 6:12 pm

Laboursദോഹ: തൊഴിലുടമകളുടെ മര്‍ദനങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസിക്ക് പുറത്തെ കാര്‍ ഷെഡില്‍ കഴിഞ്ഞു വന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ദുരിതത്തിലായി. മഴ നനഞ്ഞ് കയറിക്കിടക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെട്ട ഇവര്‍ക്ക് ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഐ സി സിയില്‍ അഭയം നല്‍കി.
നാട്ടിലേക്കു പോകാന്‍ അവസരംതേടി എംബസിക്കു മുന്നിലെത്തിയ തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള എട്ടു പേരാണ് തണുപ്പ് സഹിച്ച് ദിവസങ്ങളായി എംബസിക്ക് സമീപം കഴിഞ്ഞു വന്നത്. വെള്ളിയാഴ്ച പകല്‍ പെയ്ത മഴയില്‍ ഇവര്‍ കിടക്കുന്ന സ്ഥലം കുതിര്‍ന്നു. തൊഴിലാളികളുടെ സ്ഥിതി കണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് താത്കാലികമായ സൗകര്യമൊരുക്കി.
എന്നാല്‍, മഴ കനത്തതോടെ ഇവിടെ കഴിയുക സാധ്യമല്ലാതെ വന്നപ്പോള്‍ ഐ സി സി പ്രസിഡന്റ് ഗീരീഷ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം ഐസിസിയില്‍ താത്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. നന്മ ഖത്വര്‍ ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകരും തൊഴിലാളികളുടെ സഹായത്തിനെത്തി.
തൊഴിലാളികളുടെ സ്ഥിതി മനസ്സിലാക്കി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഭക്ഷണ സൗകര്യം ഒരുക്കിയിരുന്നു. സിറ്റി എക്‌സ്‌ചേഞ്ച്, കൊട്ടാരം റസ്റ്റോറന്റ്, ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ തുടങ്ങിയവരും സഹായത്തിനു തയാറായി. അതിനിടെ മുംബൈ സ്വദേശി ഫിറോസ് പട്ടേലിനു നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നന്മ ഖത്വര്‍ കൈമാറി.
തൊഴിലാളികള്‍ക്കു വേണ്ടി ഇടപെടുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നാളെയും മറ്റന്നാളുമായി അധികൃതരുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ബഹദൂര്‍ ജാജര്‍ നാഥ് (ദില്ലി), തൗഫീഖ് അഹ്മദ്, രാം നയന്‍, മുഹമ്മദ് ജാവേദ്, കൃഷ്ണ പണ്ടിറ്റി (യു പി) മഹേശ്വരന്‍, രാജ (ചെന്നൈ), ഫിറോസ് പട്ടേല്‍ (മഹാരാഷ്ട്ര), തസ്‌വീര്‍ ആലപ്പുഴ എന്നിവരാണ് ഐ സി സിയില്‍ അഭയം തേടിയവര്‍.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അലാവുദ്ദീന്‍(ഗുജറാത്ത്), നവീന്‍(ആന്ധ്ര) എന്നീ രണ്ടു തൊഴിലാളികള്‍ രേഖകള്‍ ശരിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി.