ലോകകപ്പ് അറേബ്യയില്‍ വരുമ്പോള്‍ പടിഞ്ഞാറിന്റെ കുനുഷ്ട്

അറേബ്യൻ പോസ്റ്റ്
Posted on: December 27, 2015 2:24 am | Last updated: February 20, 2016 at 4:05 pm
ഖത്വര്‍ ചെറിയ അറബ് രാജ്യം ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള വിദേശികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഇല്ലാത്ത രാജ്യമാണോ. ഖത്വറില്‍ അത്രമേല്‍ കഷ്ടപ്പാടും ദുസ്സഹാവസ്ഥകളുമാണോ. ഗൂഗിള്‍ പോലുള്ള ഗ്ലോബല്‍ സെര്‍ച്ച് സെഞ്ചിനുകള്‍ നല്‍കുന്ന ന്യൂസ് ഹെഡ്‌ലൈനുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കു തോന്നുന്ന സന്ദേഹമാണിത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആംനസ്റ്റി ഇന്റര്‍നാഷലിന്റെതായി വന്ന റിപ്പോര്‍ട്ടും അവരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകളും മേല്‍ചോദ്യം കുറേക്കൂടി കഠിനമായി സ്വാധീനിക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ പാര്‍ലിമെന്റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒരു കണക്കു പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ ജീവിതാവസ്ഥകളുടെ പരിച്ഛേദമായിരുന്നു ഈ കണക്ക്. വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഗള്‍ഫില്‍ നിന്ന് ഏഴായിരത്തിലധികം പരാതികള്‍ കിട്ടി. അതില്‍ മൂന്നിറ്റിച്ചില്വാനം മാത്രമേ ഖത്വറില്‍നിന്നുള്ളൂ. കുവൈത്താണ് ഗള്‍ഫില്‍ മുന്നില്‍. അവിടെനിന്ന് മുവായിരത്തിലധികം പരാതികള്‍. സഊദി ബഹ്‌റൈന്‍ തുടങ്ങിയാ രാജ്യങ്ങളാണ് തൊട്ടു പിറകില്‍. പരാതി ഏറ്റവും കുറവ് യു എ ഇയിലാണെങ്കിലും ഖത്വര്‍ രണ്ടാംസ്ഥാനത്തുണ്ട്. ഖത്വറിനെ അറിയുന്ന ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍ക്ക് സ്വാഭാവികമായി ഊഹിക്കാവുന്ന ഒരു ചിത്രംകൂടിയാണിത്. എന്നിട്ടും എന്തിന് ആംനസ്റ്റി ഉള്‍പെടെയുള്ള ഏജന്‍സികള്‍ കഥകള്‍ ഉണ്ടാക്കുന്നു എന്നന്വേഷിക്കുമ്പോഴാണ് കാലങ്ങളായി തുടരുന്നതും അഞ്ചു വര്‍ഷം മുമ്പ് മൂര്‍ഛിച്ചതുമായി കുന്നുകൂടിയ കുനുഷ്ടിന്റെ അകംകഥകള്‍ മനസ്സിലാകുക.
കഴിഞ്ഞ ദിവസം ഖത്വറില്‍ സാമാന്യം ഭേദപ്പെട്ടൊരു മഴ പെയ്തു. ഒരാണ്ടിലെ മഴ ഒറ്റദിവസം പെയ്‌തെന്നായിരുന്നു കാലാവസ്ഥാ റിപ്പോര്‍ട്ട്. സ്വാഭാവികമായി ചില നാശങ്ങള്‍, ചോര്‍ച്ചകള്‍. പക്ഷേ, രാ്ജ്യാന്തര വാര്‍ത്താ തലക്കെട്ടുകള്‍ സര്‍പ്പം വിടര്‍ത്തി. ഖത്വറിലെ വലിയനിര്‍മാണ പദ്ധതികളെല്ലാം അപകടത്തില്‍ എന്നായിരുന്നു ധ്വനി. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പെരുപ്പിച്ച് അവതരിപ്പിക്കുകയാണെന്ന് ഒടുവില്‍ മന്ത്രിസഭ സ്റ്റേറ്റ്‌മെന്റു നടത്തി.
രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടിലെ ലോകകപ്പ് അറേബ്യന്‍ കൊച്ചു രാജ്യമായ ഖത്വറില്‍ നടത്താന്‍ തീരുമാനമായിട്ട് അഞ്ചാണ്ടു കഴിഞ്ഞു. ലോകത്തെ വലിയ ഇവന്റിനെ വരവേല്‍ക്കാന്‍ ഖത്വര്‍ അന്നേ തൊട്ടു തുടങ്ങിയാണ് വിശ്രമമില്ലാത്ത അധ്വാനം. ലോകം ഖത്വറിലേക്കു വരുമ്പോള്‍ ഖത്വറിനെ ലോകത്തേക്കു ഉയര്‍ത്താനാണ് രാജ്യം പണിയെടുക്കുന്നത്. വികസനത്തില്‍ ഉയര്‍ന്നു നില്‍ക്കുകയും ജനങ്ങള്‍ക്കു ക്ഷേമവും സൗകര്യങ്ങളും ഒരുക്കുക മാത്രമമല്ല ഖത്വറിന്റെ ജൈവികദൗത്യം. ലോകത്തെ അസ്വസ്ഥതകളില്‍ അസ്വസ്ഥപ്പെടുകയും ശാന്തിയും നീതിയും അഭിലഷിച്ച് ശബ്ദിക്കുകയും ചെയ്യുന്ന, നയതന്ത്ര മിടുക്കില്‍ എഴുന്നു നില്‍ക്കുന്ന അറേബ്യന്‍ രാജ്യമാണ് ഖത്വര്‍. പശ്ചിമേഷ്യന്‍ അസ്വസ്ഥതകളില്‍ ഖത്വര്‍ സ്വീകരിക്കുന്ന നിലപാടുകളും മധ്യസ്ഥതയും മാത്രം പരിശോധിച്ചാല്‍ നിലപാടുകള്‍ ലഭ്യമാകും. ഫലസ്തീന്‍ ജനതയോട് ഇത്രമേല്‍ അടുപ്പം കാട്ടിയ രാജ്യങ്ങളും വേറെയധികമില്ല. മനുഷ്യരെ ഇല്ലായ്മ ചെയ്യുന്ന അതിക്രമങ്ങളോട് ഖത്വര്‍ കലഹിച്ചുകൊണ്ടേയിരിക്കും.
നിലപാടുകളുയര്‍ത്തുമ്പോഴും പുരോഗതിയില്‍ മുമ്പേ നടക്കാനാണ് ഈ കൊച്ചുനാടിന്റെ തീവ്രശ്രമം. വലിപ്പത്തിലും പ്രതാപത്തിലും പുരോഗതിയിലും മുമ്പേ നിന്ന രാജ്യങ്ങള്‍ കാട്ടാത്ത ധൈര്യമാണ് വേള്‍ഡ് കപ്പിനുവേണ്ടി പോരാടാന്‍ ഖത്വര്‍ പ്രകടിപ്പിച്ചത്. 2022 ഫുട്‌ബോള്‍ മാമാങ്കത്തിന്റെ പന്ത് ഖത്വറില്‍ ഉരുട്ടാന്‍ ഫിഫ തീരുമാനിച്ചതു മുതല്‍ ഖത്വറിനോടുള്ള കുനുഷ്ടിനും തുടക്കമായി. മധ്യപൗരസ്ത്യദേശത്തോടും  ഇവിടുത്തെ ജനതയോടുമുള്ള വര്‍ണവെറിയുടെ ബാക്കികൂടിയാണീ അസൂയയുടെ പ്രഭവസ്ഥാനം. ഖത്വര്‍ ലോകകപ്പിന് അനുയോജ്യമല്ലെന്നു വരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. വേള്‍ഡ് കപ്പ് മത്സരവേദിയായി ഖത്വര്‍ തിരഞ്ഞെടുക്കപ്പെട്ടതിലെ നീതിയും മാര്‍ഗവുമൊക്കെ ചോദ്യം ചെയ്തും ചില നീക്കങ്ങളുണ്ടായി. ഓരോന്നിനെയും അവധാനതയോടും സത്യസന്ധമായും നേരിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കേ പുതിയ കഥകള്‍ മെനയപ്പെടുന്നു. രാജ്യാന്തര ഏജന്‍സികളെയും സംഘടനകളെയും രംഗത്തിറക്കുന്നു. മാധ്യമങ്ങള്‍ ഇടവും വലവും നോക്കാതെ പ്രചാരം ഏറ്റെടുക്കുന്നു. അങ്ങിനെയാണ് വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുന്നത്. രാജ്യാന്തര ഏജന്‍സികളുടെ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നത്. ഇതിനിയും വന്നുകൊണ്ടേയിരിക്കും. ഈ അറേബ്യന്‍ തുരുത്തിന് ഇപ്പോള്‍ അതിജയിക്കേണ്ടത് എണ്ണവിലക്കുറവു സൃഷ്ടിക്കുന്ന സാമ്പത്തികക്കമ്മികള്‍ക്കുള്ള ആള്‍ട്ടര്‍നേറ്റീവുകള്‍ മാത്രമല്ല, പടിഞ്ഞാറുണ്ടാക്കുന്ന കുനുഷ്ടു കഥകളെക്കൂടിയാണ്. ആംനസ്റ്റി ഇന്റര്‍നാഷനിലിനും രാജ്യം കഴിഞ്ഞ ദിവസം മുഖമടച്ചു മറുപടി കൊടുത്തു. നാലഞ്ചു വര്‍ഷത്തിനകം ഈ രാജ്യത്തു നടന്ന അതിശയിപ്പിക്കുന്ന പുരോഗതികള്‍ക്കു നേരെ കണ്ണടച്ചു പിടിച്ചാണ് റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു വിമര്‍ശനം. കാലമിനിയുമുരുളും. വാര്‍ത്തകളിനിയും വരും. പടിഞ്ഞാറന്‍ കഥകള്‍ വന്നുകൊണ്ടേയിരിക്കും. അപ്പോഴും അതിജയിക്കാനുള്ള ഒരു കരുത്തു കയ്യിലുണ്ടെന്നതു മാത്രമാണ് അറേബ്യന്‍ ജനതയുടെ ധൈര്യം.