ബീജിംഗ്: സിന്‍ജിയാംഗിലെ ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ പുറത്താക്കാന്‍ ചൈന തീരുമാനിച്ചു. ഫ്രഞ്ച് വാര്‍ത്താ മാസികയായ എല്‍ ഔബ്‌സിന്റെ ഉര്‍സുല ഗ്വോതിയറിന്റെ പത്രപ്രവര്‍ത്തന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പുതുക്കിനല്‍കില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളെ കൊലപ്പെടുത്തുന്ന തീവ്രവാദത്തിനും ക്രൂരമായ പ്രവര്‍ത്തികള്‍ക്കും പിന്തുണ നല്‍കുംവിധം സിന്‍ജിയാംഗില്‍ അസ്വസ്ഥതകളുണ്ടാക്കുന്നതാണ് ഗ്വോതിയറിന്റെ ലേഖനമെന്നും ഇക്കാരണത്താല്‍ ഇവരെ പുറത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈന പ്രസ് കാര്‍ഡ് പുതുക്കി നല്‍കിയില്ലെങ്കില്‍ ഗ്വാതിയറിന് പുതിയ വിസക്ക് അപേക്ഷിക്കാനാകില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് ഈ മാസം 31ഓടെ ചൈന വിടേണ്ടിവരും. 2012ല്‍ അല്‍ ജസീറയുടെ കറസ്‌പോണ്ടന്റ് മെലിസ ചാനെ ഇത്തരത്തില്‍ പുറത്താക്കിയതിന് ശേഷം ചൈന പുറത്താക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകയാണ് ഗ്വോതിയോര്‍. സിന്‍ജിയാംഗില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഇസ്‌ലാമിക് വിഘടനവാദികളാണെന്നും ഇവര്‍ക്ക് വിദേശ ബന്ധങ്ങളുണ്ടെന്നും ചൈന കുറ്റപ്പെടുത്തുന്നു. എന്നാല്‍ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളെ തടസ്സപ്പെടുത്തുന്ന ചൈനീസ് അധികൃതര്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുകയാണെന്നും ഉയിഗൂര്‍ മുസ്‌ലിംകളും പറയുന്നു.
സിന്‍ജിയാംഗില്‍ നടത്തുന്ന അടിച്ചമര്‍ത്തലിനെ നീതീകരിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് പാരീസ് ആക്രമണത്തിന് ശേഷം ഫ്രാന്‍സിനോട് ചൈന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്ന് ഗ്വോതിയര്‍ തന്റെ ലേഖനത്തില്‍ എഴുതിയിരുന്നു. ഇത് സര്‍ക്കാര്‍ തലത്തിലും സര്‍ക്കാറിന്റെ മാധ്യമതലത്തിലും വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. അഭിപ്രായം മാറ്റിപ്പറഞ്ഞ് മാപ്പ് പറയാനും ഇവര്‍ ഗ്വോതിയറിനോട് ആവശ്യപ്പെട്ടിരുന്നു. ഗൗരവതരത്തിലുള്ള ക്ഷമാപണം നടത്താന്‍ ഗ്വോതിയര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രസ് കാര്‍ഡ് പുതുക്കി നല്‍കാതെ ഇവരെ രാജ്യത്തുനിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.