കെ ഡബ്ലിയു ബി രണ്ടര ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യും

Posted on: December 26, 2015 10:16 pm | Last updated: December 26, 2015 at 10:16 pm

ഷാര്‍ജ: സാംസ്‌കാരിക പദ്ധതിയായ കെ ഡബ്ലിയു ബി(നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ്)ക്ക് കീഴില്‍ 2.5 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യും. 5,000 സ്വദേശി കുടുംബങ്ങള്‍ക്കായാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുക. വായന സ്വദേശി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നതില്‍ കെ ഡബ്ലിയു ബിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം നേടിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ റാശിദ് അല്‍ കൗസ് പറഞ്ഞു. വിവിധ പ്രായക്കാര്‍ക്കിടയില്‍ വായനക്ക് വന്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് സ്വദേശി കുടുംബത്തിന് ലൈബ്രറി തയ്യാറാക്കാനും വായനക്ക് പ്രാധാന്യം നല്‍കാനുമായി കെ ഡബ്ലിയു ബി നല്‍കുന്നത്.
ലോകം വേള്‍ഡ് അറബിക് ഡേ ആചരിക്കുന്ന ഈ കാലം നമുക്ക് അഭിമാനകരമാണ്. നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണ് അറബ് ഭാഷ. പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2014 ജനുവരിയിലാണ് വായന പ്രോത്സാഹിപ്പിക്കാന്‍ പുസ്തകം വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമിട്ടത്. ഇപ്പോള്‍ ഇതിന്റെ 13ാമത്തെതും അവസാനത്തേതുമായ ഘട്ടമാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 2008ല്‍ വീടുകളില്‍ ലൈബ്രറി എന്ന ആശയത്തിന് കെ ഡബ്ലിയു ബി തുടക്കമിട്ടിരുന്നു. അന്ന് 20,000 സ്വദേശി കുടുംബങ്ങള്‍ക്കിടയിലായി 10 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പിന്തുണയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.