നാഗ്പൂരില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍; ഐഎസില്‍ ചേരാന്‍ പുറപ്പെട്ടതെന്ന് പോലീസ്

Posted on: December 26, 2015 2:12 pm | Last updated: December 26, 2015 at 2:12 pm

isis-black-700x394നാഗ്പൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍. ശ്രീനഗറിലേക്ക് വിമാനം കയറാനെത്തിയ യുവാക്കളെയാണ് നാഗ്പൂര്‍ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ പോകുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. തെലങ്കാന പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എടിഎസ് ഇവര്‍ക്കായി വല വീശിയത്. അതേസമയം ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുവാക്കളെ ബന്ധുക്കള്‍ക്ക് കൈമാറിയിരിക്കുകയാണ്.

അബ്ദുല്‍ വസീം, ഉമര്‍ ഹസന്‍ ഫാറൂഖി, സമീര്‍ ഫാറൂഖി എന്നിവരാണ് പിടിയിലായത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ തെലുങ്കാന പോലീസിന് പരാതി നല്‍കിയിരുന്നു. ശ്രീനഗറില്‍ നിന്ന് നിന്ന് ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ഇറാഖിലേക്കും പോകാനാണ് യുവാക്കള്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. ഇവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പോലീസ് നിലപാട്. അതേസമയം, ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും എടിഎസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

പിടിയിലായവരില്‍ രണ്ട് പേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളും ഒരാള്‍ സയന്‍സ് ബിരുദധാരിയുമാണ്.