മലയോരത്ത് ‘ആശങ്ക’യുടെ ക്രിസ്മസ്

Posted on: December 25, 2015 10:51 am | Last updated: December 25, 2015 at 10:51 am

കോഴിക്കോട്: ലോകമെങ്ങും ക്രൈസ്തവ ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ജില്ലയിലെ മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ഇത് ആശങ്കയുടെയും വറുതിയുടെയും ക്രിസ്മസാണ്. പ്രധാന വരുമാന മേഖലയായ റബ്ബറിന്റെ വില തകര്‍ച്ചയാണ് ഇതിന് പ്രധാന കാരണം. കൂടാതെ കുരുമുളക്, ജാതി, തെങ്ങ് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയും ഇടിഞ്ഞുകൊണ്ടിരിക്കുന്നു.
നിരവധി ക്വാറികളും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഇവിടങ്ങളിലെ നിര്‍മാണ മേഖലകളില്‍ നല്ലൊരു ഭാഗവും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചക്കൊപ്പം അനിയന്ത്രിതമായ വിലക്കയറ്റവും ജനത്തെ വലക്കുന്നു. കൂടാതെ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിട്ടുമാറാത്തതും മലയോര മേഖലയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ പേരിന് മാത്രമായി ഒതുങ്ങുന്നു.
വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്താല്‍ കാട് നാടാക്കിയ പ്രദേശങ്ങളാണ് ജില്ലയിലെ മലയോര മേഖലകളില്‍ അധികവും. പൂര്‍വികര്‍ വിയര്‍പ്പൊഴുക്കി പൊന്നുവിളയിച്ച മണ്ണില്‍ നിന്ന് ഇന്ന് ചെലവ് കാശ് പോലും പിന്‍മുറക്കാര്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. ഭൂ ഉടമകള്‍ക്കൊപ്പം തോട്ടം മേഖലകളിലും ക്വാറികളിലും പണിയില്ലാതായതിനാല്‍ കര്‍ഷക തൊഴിലാളികളും നിര്‍മാണ തൊഴിലാളികളും ബുദ്ധിമുട്ടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് വരെ 200ന് മുകളില്‍ രൂപക്ക് വിറ്റിരുന്ന നാലാം ഗ്രേഡ് റബ്ബറിന് നൂറില്‍ താഴെയാണ് ഇപ്പോള്‍ വില. അഞ്ചാം ഗ്രേഡ് റബ്ബറിന് 90ലും താഴെ ഇറങ്ങി. ഒട്ടുപാലിന് 50 രൂപ തികച്ച് കിട്ടില്ല. റബ്ബര്‍ ഷീറ്റുമായും ഒട്ടുപാലുമായും കടകളിലെത്തുന്ന കര്‍ഷകര്‍ക്ക് മുമ്പില്‍ വ്യാപാരികള്‍ മുഖം ചുളിക്കുന്നു. ദിനേനയെന്നോണം വില ഇടിയുന്നത് റബ്ബര്‍ സംഭരിക്കുന്നതില്‍ നിന്ന് വ്യാപാരികളെ അകറ്റുന്നു. റബ്ബര്‍ വില പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
ഉത്പാദന ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതിനാല്‍ ചെറുകിട തോട്ടങ്ങളിലെല്ലാം റബ്ബര്‍ ഉത്പാദനം കഴിഞ്ഞ ആറ് മാസമായി നിലച്ചിരിക്കുകയാണ്. വന്‍കിട തോട്ടങ്ങളില്‍ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് നല്ലൊരു ശതമാനം വന്‍കിട തോട്ടങ്ങളില്‍ പോലും ടാപ്പിംഗ് നടന്നില്ല. വിളവെടുപ്പ് നിലച്ചതോടെ ടാപ്പിംഗ് തൊഴിലാളികളില്‍ ഭൂരിഭാഗവും ജീവത മാര്‍ഗം തേടി മറ്റ് ജോലികള്‍ക്ക് പോയിതുടങ്ങി. പലയിടത്തും തൈ റബ്ബറുകള്‍ വരെ വെട്ടിമുറിച്ച് പൈനാപ്പിള്‍ കൃഷിയിലേക്കും മറ്റും കര്‍ഷകര്‍ മാറുന്നു. റബ്ബര്‍ മുറിച്ച് ഒഴിവാക്കുന്നതിന് മുമ്പുള്ള ഷോട്ടര്‍ ടാപ്പിംഗ് പോലും കര്‍ഷകര്‍ക്ക് നഷ്ടമാകുന്ന അവസ്ഥയാണ്. ചിലയിടങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ വെട്ടിമുറിച്ച ഭൂമികള്‍ ഒരു കൃഷിയും ചെയ്യാതെ തരിശായി കിടക്കുന്നു. ഇനി എന്ന് വില കൂടുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. കൃഷി ഭൂമി വിറ്റ് മറ്റ് എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ചിന്തിച്ചാല്‍ ഇതിനും പറ്റുന്നില്ല. റബ്ബറിന് വില ഇല്ലാത്തതും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കയും മലയോര മേഖലകളില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ അകറ്റുന്നു.
റബ്ബര്‍ പ്രതിസന്ധിയിലും കര്‍ഷകര്‍ക്ക് അല്‍പമൊരു ആശ്വാസമായിരുന്ന നാണ്യവിളകളായ തേങ്ങക്കും കുരുമുളകിനും വില ഇടിഞ്ഞ് തുടങ്ങിയിരിക്കുന്നു. കാവിലുംപാറ, കായക്കൊടി, മരുതോങ്കര പഞ്ചായത്തുകളില്‍ നിന്ന് കൃഷിഭവന്‍ ശേഖരിച്ച വിത്ത് തേങ്ങയുടെ വില ഒരു വര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. അന്യസംസ്ഥാനത്തുനിന്ന് തേങ്ങ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുക കൂടി ചെയ്തതോടെ വില വീണ്ടും താഴുകയാണ്. നേരത്തെ ഒരുകിലോ പൊളിച്ച തേങ്ങക്ക് 40 രൂപവരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 രൂപക്ക് താഴെയാണ് ലഭിക്കുന്നത്. എന്നാല്‍ വില കുറയുകയാണെങ്കിലും ചെലവ് ഉയരുക തന്നെയാണ്. വളത്തിന്റെ വിലയും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി ക്രഷറുകളും ക്വാറികളും ജില്ലയില്‍ അടച്ചുപൂട്ടി. ഇതിലേറെയും മലയോര മേഖലകളിലാണ്. പാരിസ്ഥിതിക അനുമതി പ്രശ്‌നങ്ങളും മറ്റ് സാങ്കേതികത്വവും മൂലം മലയോര മേഖലകളില്‍ കാര്യമായ നിര്‍മാണ പ്രവൃത്തികളും നടക്കുന്നില്ല.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വലിയ തോതില്‍ വില കുറയുമ്പോഴും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില കൂടിക്കൊണ്ടിരിക്കുന്നു. സിവില്‍ സപ്ലൈസും സപ്‌ളൈകോയും ഇപ്പോള്‍ പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഓണം, റമസാന്‍, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷ അവസരങ്ങളിലെങ്കിലും പൊതുവിതരണ സംവിധാനങ്ങള്‍ വഴി കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ഈ ക്രിസ്മസ് സമയത്ത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അത്തരത്തില്‍ കാര്യമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. അതിനാല്‍ വലിയ വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു.
മലയോര മേഖലകളിലെ പല ക്രിസ്ത്യന്‍ ദേവാലയങ്ങളിലും വലിയ ആഘോഷങ്ങളോടെയാണ് മുന്‍കാലങ്ങളില്‍ പള്ളിപെരുന്നാളുകളും മറ്റും നടന്നിരുന്നത്. മൂന്നും നാലും ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍. വെടിക്കെട്ടുകളും കലാപരിപാടികളുമായി ആഘോഷങ്ങള്‍ പൊടിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ പലയിടത്തും ചടങ്ങുകള്‍ മാത്രമായി ഇത് ചുരുങ്ങിയിരിക്കയാണ്.