സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം തേടി പ്ലീനത്തിലേക്ക് സി പി എം

Posted on: December 25, 2015 4:18 am | Last updated: December 25, 2015 at 2:21 pm

PLENUMതിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങളും ജനകീയാടിത്തറയിലെ ചോര്‍ച്ചയും സ്വയം വിമര്‍ശമായി അവതരിപ്പിച്ച് സി പി എം പാര്‍ട്ടി പ്ലീനത്തിലേക്ക്. ദേശീയ തലത്തില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടികള്‍ മറികടക്കാന്‍ സംഘടനാപരമായ ശക്തിസംഭരിക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം. ഈ മാസം 27 മുതല്‍ 31 വരെ കൊല്‍ക്കത്തയിലാണ് പ്ലീനം. കേന്ദ്ര നേതൃത്വത്തെ തന്നെ വിമര്‍ശിക്കുന്നതാണ് ചര്‍ച്ചക്കായി സി പി എം തയ്യാറാക്കിയിരിക്കുന്ന പ്ലീനം രേഖ. കേരളത്തിന്റെ പശ്ചാതലത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അച്ചടക്ക ലംഘനങ്ങള്‍ പേരെടുത്ത് പറയാതെ രേഖയില്‍ ഉന്നയിക്കുന്നു. പാര്‍ട്ടിക്ക് സ്വാധീനമുള്ള ബംഗാളിലും കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചേരുന്ന പാര്‍ട്ടി പ്ലീനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ദേശീയതലത്തില്‍ പാര്‍ട്ടിയെ സമര സംഘടനയായി വളര്‍ത്തുന്നതില്‍ പോളിറ്റ് ബ്യൂറോ പരാജയപ്പെട്ടെന്ന വിമര്‍ശനം പ്ലീനം രേഖയിലുണ്ട്. കേന്ദ്രനേതാക്കളുടെ പങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങള്‍ വിപുലമാക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു. നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റങ്ങളാണ് നിര്‍ദേശിക്കുന്നത്. പാര്‍ട്ടി സെന്ററിലെ പി ബി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ അവലോകനം വേണമെന്ന നിര്‍ദേശവും രേഖ മുന്നോട്ടു വെക്കുന്നു.
പാര്‍ട്ടി സെന്റര്‍ സംഘടനാപരമായ തീരുമാനങ്ങള്‍ നിരീക്ഷിച്ച് കൃത്യമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടു. ബഹുജന സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും അപാകങ്ങള്‍ സംഭവിച്ചു. അടിസ്ഥാനരേഖ പോലുമില്ലാതെയാണ് യുവജനസംഘടനകളുടെ പ്രവര്‍ത്തനം. പാര്‍ട്ടി സെന്ററിന് സംഘടനാഘടനയില്‍ കേന്ദ്രസ്ഥാനമാണുള്ളത്. സാല്‍ക്കിയ പ്ലീനം നിര്‍ദേശം അനുസരിച്ചാണ് ഇത് സംവിധാനിച്ചത്. പി ബിയിലെ പതിനെട്ട് പേരില്‍ എട്ട് പേര്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജനകീയാടിത്തറ വികസിപ്പിക്കുന്നതില്‍ വന്ന വീഴ്ചക്ക് പാര്‍ട്ടി സെന്ററിനാണ് ഉത്തരാവാദിത്വം.
സാല്‍ക്കിയ പ്ലീനം നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി വിവിധ പാര്‍ട്ടി കോണ്‍ഗ്രസുകളെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും രേഖയില്‍ സ്വയംവിമര്‍ശനം നടത്തുന്നു. ഇതിന്റെ കാര്യകാരണങ്ങള്‍ വിശദമായി പരിശോധിക്കണം. പാര്‍ലിമെന്ററി വ്യാമോഹം വിപ്ലവ പാര്‍ട്ടിയുണ്ടാക്കുന്നതിലും ബഹുജന സംഘടനകളെ വളര്‍ത്തുന്നതിലും ശ്രദ്ധകുറച്ചു. പലപ്പോഴും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്നുള്ള വ്യത്യസ്തമായ രാഷ്ട്രീയം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കേന്ദ്രീകൃത ജനാധിപത്യ രീതികളെ അട്ടിമറിക്കുന്ന പ്രവണതകളുണ്ടായെന്നും രേഖയിലുണ്ട്. വര്‍ഗ ബഹുജന പ്രക്ഷോഭങ്ങള്‍ക്കും തീരുമാനങ്ങള്‍ നടപ്പാക്കാനും പാര്‍ട്ടി സംഘടനാ ഘടന പരിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കുന്നു.
സ്വാധീന ശക്തിയുള്ള ഒരു നേതാവിന്റെ അച്ചടക്ക ലംഘനങ്ങളോട് പാര്‍ട്ടി ഒത്തുതീര്‍പ്പ് നടത്തിയെന്ന് വി എസിനെ പരോക്ഷമായി പരാമര്‍ശിച്ച് പ്ലീനം രേഖ കുറ്റപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങളോടും തെറ്റായ കാഴ്ചപ്പാടുകളോടും ചില സഖാക്കള്‍ സന്ധിചെയ്യുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടാണ് ചില സഖാക്കള്‍ക്ക്. മറ്റുള്ളവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ ഖണ്ഡിക്കേണ്ട പാര്‍ട്ടി അംഗം തെറ്റുകള്‍ക്കെതിരെ ഉദാര സമീപനമെടുക്കുന്ന പ്രവണത ശരിയല്ലെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി അംഗങ്ങളിലെ വലിയൊരു വിഭാഗത്തിന് മിനിമം യോഗ്യത പോലുമില്ലെന്നാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. ജനങ്ങളുമായി പലര്‍ക്കും സജീവ ബന്ധമില്ല. സംഘടനാപ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറിയതിന്റെ പരിണിത ഫലമാണിത്. അന്ധവിശ്വസങ്ങളും ജാതി ചിന്തങ്ങളും വര്‍ധിച്ചുവരികയാണെന്നും രേഖ വിമര്‍ശിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, കരാര്‍, മദ്യക്കച്ചവടം എന്നീ വിഭാഗങ്ങളുമായി ചിലര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ആര്‍ഭാടങ്ങളിലാണ് ചിലരുടെ ശ്രദ്ധ. വീടിനും വിവാഹത്തിനും വലിയതോതില്‍ പണം ചെലവിടുന്നു. വിഭാഗീയമായ തിരഞ്ഞെടുപ്പുകള്‍ കേഡറുകളുടെ അവസരം നഷ്ടപ്പെടുത്തുന്ന പ്രവണതയുണ്ടെന്നും രേഖയിലുണ്ട്.