Connect with us

National

യു എസ് സഹകരണത്തോടെ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് രാജ്യത്ത് വന്‍ ആണവ പദ്ധതി നടപ്പാക്കുന്നു. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനി എല്‍ എല്‍ സിയുമായി സഹകരിച്ച് ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് നീക്കം. പതിനയ്യായിരം കോടി ഡോളറിന്റെ കരാര്‍ ഉടന്‍ തന്നെ ഒപ്പുവെക്കും. അടുത്ത വര്‍ഷം പകുതിയോടെ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലാണ് ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. രാജ്യത്ത് അറുപത് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. റിയാക്ടറുകള്‍ സ്ഥാപിക്കുന്നതോടെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആണവോര്‍ജ വിപണിയായി ഇന്ത്യ മാറും. ചൈനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
2032 ഓടെ 63,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 5,780 മെഗാവാട്ട് വൈദ്യുതിയാണ് ആണവോര്‍ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയുമായി ആണവ കരാറില്‍ യു എസ് 2008ല്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്തതിനാല്‍ ആണവ വാണിജ്യം തടസ്സപ്പെട്ടിരിക്കുകയാണ്. ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിതരണക്കാരും ബാധ്യസ്ഥരാണെന്ന 2010ല്‍ ആണവ ബാധ്യതാ ബില്‍ പാസ്സാക്കിയത് ആണവ റിയാക്ടര്‍ നിര്‍മാതാക്കാളെ പിന്തിരിപ്പിച്ചു. ആണവ ദാതാക്കളുടെ ആശങ്കയകറ്റാന്‍ ഇന്‍ഷ്വറന്‍സ് നിധി കൊണ്ടുവരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണ്‍വെന്‍ഷന്‍ ഓണ്‍ സപ്ലിമെന്ററി കോംപന്‍സേഷന്‍ ഫോര്‍ ന്യൂക്ലിയാര്‍ ഡാമേജില്‍ (സി എസ് സി) ഇന്ത്യ ഒപ്പുവെക്കുകയെന്നതാണ് അടുത്ത കടമ്പ. ഇതില്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാറില്‍ ഒപ്പുവെക്കുന്നതോടെ, ആണവ ദുരന്തമുണ്ടായാല്‍ ആണവ വിതരണക്കാരെ നഷ്ടപരിഹാരം നല്‍കുന്ന ബാധ്യതയില്‍ നിന്ന് ഒഴിവാകും. ഇതുപ്രകാരം ബാധ്യത രാജ്യത്തെ നടത്തിപ്പുകാരായ ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന് (എന്‍ പി സി ഐ എല്‍) മാത്രമാകും.
ഗുജറാത്തിലെ മിത്തി വിര്‍ധിയില്‍ ആണവ പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് എന്‍ പി സി ഐ എല്ലും വെസ്റ്റിംഗ്ഹൗസ് കമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എന്‍ പി സി ഐ എല്‍ തയ്യാറായിട്ടില്ല. ഫ്രഞ്ച്, യു എസ് കമ്പനികള്‍ പദ്ധതികളുമായി സമീപിച്ചിട്ടുണ്ടെന്നാണ് ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലിമെന്റില്‍ പറഞ്ഞത്.
രാജ്യത്ത് കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Latest