വാര്‍ഷിക പദ്ധതി: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 5,500 കോടി

Posted on: December 23, 2015 11:16 pm | Last updated: December 23, 2015 at 11:16 pm
SHARE

local bodyതിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 30,534.17 കോടി രൂപയുടെ മൊത്തം അടങ്കല്‍ പദ്ധതിയും 24,000 കോടി രൂപയുടെ കരട് സംസ്ഥാന പദ്ധതിയും അംഗീകരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം 6,534.17 കോടി രൂപയാണ്. ആകെ വിഹിതമായ 24,000 കോടിയില്‍ 5,500 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ 500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക പദ്ധതി സഹായമാണ്. വൈദ്യുതി ബോര്‍ഡിന്റെ തുകയായ 1,485 കോടി ഒഴിവാക്കിയശേഷമുള്ള പദ്ധതി വിഹിതത്തിന്റെ 24.43 ശതമാനമാണിത്.
2,354.40 കോടി രൂപ പ്രത്യേക ഘടക പദ്ധതിക്കായി വകയിരുത്തി. ഇതില്‍ 1,315.50 കോടി പട്ടികജാതി വികസന വകുപ്പിനും ബാക്കി 1,038.90 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവുമാണ്. പട്ടികജാതി വിഭാഗത്തിനുള്ള വിഹിതം സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 9.81 ശതമാനമാണ്. ഇത് 2011 സെന്‍സസ് പ്രകാരമുള്ള പട്ടികജാതി ജനസംഖ്യയുടെ ശതമാനത്തേക്കാള്‍ (9.10) കൂടുതലാണ്. പട്ടികവര്‍ഗ ഉപ പദ്ധതിക്ക് 532.80 കോടി രൂപ വകയിരുത്തി. ഇത് പദ്ധതിവിഹിതത്തിന്റെ 2.22 ശതമാനമാണ്.
ഇത് കൂടാതെ മുന്‍വര്‍ഷങ്ങളിലെപ്പോലെ 150 കോടി രൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള അധിക സഹായമുണ്ട്. പട്ടികവര്‍ഗത്തിനായി ആകെ 682.80 കോടി രൂപ വകയിരുത്തി. ഇത് സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 2.85 ശതമാനമാണ്. പട്ടികവര്‍ഗ ജനസംഖ്യയെക്കാള്‍ (1.45 ശതമാനം) ഏറെ കൂടുതലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here