നെല്‍വയല്‍ നിയമം അട്ടിമറിച്ചു

Posted on: December 23, 2015 11:14 pm | Last updated: December 24, 2015 at 5:40 pm

Nemmara-paddyതിരുവനന്തപുരം: നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് സര്‍ക്കാര്‍ ഉത്തരവ്. വയലിന് നിയമത്തിലുള്ളതിന് വിരുദ്ധമായ നിര്‍വചനം നല്‍കി 2008ന് മുമ്പ് നികത്തിയ വയലിനെ ക്രമപ്പെടുത്താന്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭേദഗതി ചട്ടമാണ് നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുക.
2008 ആഗസ്റ്റ് 12നാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്. ഈ നിയമത്തില്‍ നെല്‍കൃഷി ചെയ്യുന്നതും കൃഷിക്ക് യോഗ്യമായിട്ടും തരിശിട്ടിരിക്കുന്നതും വയലിന് അനുബന്ധമായ തണ്ണീര്‍ത്തടങ്ങളുമാണ് നിലമായി നിര്‍വചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളുടെ ഡാറ്റാ ബേങ്കുണ്ടാക്കി നികത്തപ്പെടാതെ സംരക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, കഴിഞ്ഞ മാസം 25ന് നിയമ വകുപ്പിന്റെ അറിവില്ലാതെ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഭേദഗതിയില്‍, നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബേങ്കിലോ കരട് ഡാറ്റാ ബേങ്കിലോ നിലമല്ലാത്തതുമായ സ്ഥലമാണ്.
പക്ഷേ, 50 ശതമാനത്തിന് താഴെ പഞ്ചായത്തുകളില്‍ മാത്രമേ ഇതുവരെ ഡാറ്റാ ബേങ്കിന്റെ നടപടികളായിട്ടുള്ളൂ. ബാക്കിയുള്ളവ തയ്യാറാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചത് നിയമപരവുമല്ല.
ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭൂപടവുമായി ഒത്തുനോക്കി പ്രസിദ്ധീകരിക്കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഇതുവരെ ഭൂപടം വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. 2008ന് മുമ്പ് നികത്തിയ വയലുകളുടെ പട്ടിക ആര്‍ ഡി ഒക്ക് പ്രാദേശിക സമിതികള്‍ നല്‍കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഈ പട്ടികയുമായി ഒത്തുനോക്കണമെന്ന് ഇപ്പോഴത്തെ ചട്ടം നിര്‍ദേശിക്കുന്നില്ല. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറെയാണ് വയല്‍ നികത്തല്‍ ക്രമപ്പെടുത്താന്‍ ചുമതലപ്പെടുത്തുന്നത്.
നിയമപരമായ ഡാറ്റാ ബേങ്കില്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നിലം നികത്തലും അംഗീകരിക്കപ്പെടുമെന്ന ആശങ്കയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ പുതിയ ചട്ടങ്ങളില്‍ നിയമത്തിലുള്ള നിര്‍വചനങ്ങളെല്ലാം പൊളിച്ചെഴുതിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരിക്കുകയാണ്. നിയമത്തിലെ നിര്‍വചനത്തില്‍ നിന്ന് വ്യത്യസ്തമായ ചട്ടത്തിലെ നിര്‍വചനം നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തി വയലുകള്‍ക്ക് സാധുത നല്‍കാനാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ന്യായവിലയുടെ 25 ശതമാനം നല്‍കിയാല്‍ നികത്തിയ വയലുകളെ രേഖകളില്‍ കരഭൂമിയാക്കാം. ഇത് മറയാക്കി ചട്ടത്തിലും നിയമത്തിലും വയലിന്റെ നിര്‍വചനം മാറ്റിമറിച്ചത് വ്യാപകമായി നിലംനികത്തലിന് നിയമസാധുത ലഭിക്കാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.