Connect with us

Qatar

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എ ടി എം സൗകര്യമേര്‍പ്പെടുത്താന്‍ ബേങ്കുകള്‍

Published

|

Last Updated

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഉള്‍പ്രദേശങ്ങളില്‍ ബേങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഖത്വറിലെ പ്രധാന ബേങ്കുകള്‍ തയ്യാറെടുക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വേതനമുറപ്പ് സംവിധാനത്തിന്റെ കീഴിലുള്ള 6.34 ലക്ഷം തൊഴിലാളികളുണ്ട്. മൊബൈല്‍ എ ടി എം വാനുകള്‍ രംഗത്തിറക്കാന്‍ ദോഹ ബേങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം, തൊഴിലാളികള്‍ക്ക് എ ടി എം തേടി അലയേണ്ടി വരില്ല.
എ ടി എം മെഷീനുകള്‍ ലഭ്യമല്ലാത്ത വിദൂരസ്ഥലത്തുള്ള ലേബര്‍ ക്യാമ്പുകളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മൊബൈല്‍ എ ടി എം സംവിധാനം ഉപകാരപ്പെടുമെന്ന് ദോഹ ബേങ്ക് ഗ്രൂപ്പ് സി ഇ ഒ. ആര്‍ സീതാരാമന്‍ അറിയിച്ചു. ലേബര്‍ ക്യാമ്പുകളുടെ ഗേറ്റ് വരെ എത്തുന്ന എ ടി എം വാനുകളില്‍ നിന്ന് പണം സൗജന്യമായി പിന്‍വലിക്കാം. മൊബൈല്‍ എ ടി എം താത്കാലികം മാത്രമാണെന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധയിടങ്ങളില്‍ സ്ഥിര എ ടി എം ലൊക്കേഷനുകള്‍ നിര്‍മിക്കാനാണ് ബേങ്ക് പദ്ധതിയിടുന്നതെന്നും ആവശ്യമാണെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ ബ്രാഞ്ച് തുടങ്ങുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് കൊമേഴ്‌സ്യല്‍ ബേങ്കും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 40 പുതിയ മെഷീനുകളും എ ടി എം വാനും ഉള്‍പ്പെടെ അടുത്ത വര്‍ഷം എ ടി എം ശൃംഖല വ്യാപിപ്പിക്കുമെന്ന് കൊമേഴ്‌സ്യല്‍ ബേങ്ക് റീട്ടെയില്‍ ആന്‍ഡ് കണ്‍സ്യൂമര്‍ ബേങ്കിംഗ് ഇ ജി എം ഡീന്‍ പ്രോക്ടര്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് സേവനം വ്യാപിപ്പിക്കും. വേണമെങ്കില്‍ അവിടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും കൊമേഴ്‌സ്യല്‍ ബേങ്ക് സി ഇ ഒ അബ്ദുല്ല അല്‍ റെയ്‌സി പറഞ്ഞു. നിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് ഡെപോസിറ്റ്, ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളോടുകൂടെ വിദൂരസ്ഥലങ്ങളില്‍ പുതിയ എ ടി എമ്മുകള്‍ സ്ഥാപിക്കുമെന്ന് മറ്റൊരു ബേങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest