ക്യാന്‍സര്‍ സെന്ററില്‍ കീമോ രോഗികള്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം

Posted on: December 23, 2015 5:32 pm | Last updated: December 23, 2015 at 5:32 pm

NCCCRദോഹ: യു എസിന് പുറത്ത് കീമോ തെറാപ്പി രോഗികള്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം ഒരുക്കുന്ന ആദ്യ ആശുപത്രി എന്ന റെക്കോര്‍ഡ് ഇനി ഖത്വറിലെ നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് (എന്‍ സി സി സി ആര്‍). കീമോ ചെയ്യുന്ന രോഗികള്‍ക്ക് ഓങ്കോളജി പരിരക്ഷ നല്‍കുന്ന ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷന്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനമാണ് പവര്‍ ചാര്‍ട്ട് ഓങ്കോളജി എന്ന ഈ ഇലക്‌ട്രോണിക് സംവിധാനത്തില്‍ ഉണ്ടാകുക.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും രോഗികളുടെ വിവരം എളുപ്പത്തില്‍ ശേഖരിക്കാനും ചികിത്സ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. രോഗികള്‍ക്കുള്ള കീമോതെറാപ്പി മരുന്ന്ചീട്ട് ആണ് സംവിധാനം ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. ഇത് ട്യൂമറുകളുടെ ചികിത്സക്ക് ഏറെ ഉപകാരപ്പെടും. അന്താരാഷ്ട്ര നിലവാരവും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ക്ലിനിക്കല്‍ നയങ്ങളും അനുസരിച്ചാണ് പവര്‍ ചാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ച് രോഗികളുടെ പേഴ്‌സനല്‍, മെഡിക്കല്‍ ഡാറ്റ ശേഖരിക്കുന്നു.
അപ്പോയ്‌മെന്റുകള്‍, ചെക്കപ്പ്, മെഡിക്കല്‍ ഹിസ്റ്ററി, എക്‌സ് റേ, ലാബ് ഫലങ്ങള്‍, കീമോതെറാപ്പി വിശദാംശങ്ങള്‍, മെഡിക്കേഷന്‍ ഡോസ് തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തും. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് പ്രവര്‍ത്തിക്കുക. കീമോക്ക് മുമ്പുള്ള രക്ത പരിശോധന, മെഡിക്കേഷന്‍, കീമോക്ക് ശേഷമുള്ള അവസ്ഥ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ചികിത്സ. കീമോ തെറാപ്പി, ഇമ്യൂണോ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി എന്നിങ്ങനെ എല്ലാ രോഗികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
വിവരം രേഖപ്പെടുത്തുന്നതിന് പുറമെ, ആരോഗ്യരംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടാനും ഡാന്റാ എന്‍ട്രിയില്‍ സാധാരണ വരാറുള്ള തെറ്റുകള്‍ ഇല്ലാതാക്കാനും ഇലക്‌ട്രോണിക് സംവിധാനം ഉപകരിക്കും. ഓരോ ഓങ്കോളജി രോഗിക്കും പ്രത്യേകം ചികിത്സാ പദ്ധതി തയ്യാറാക്കാന്‍ സാധിക്കും.
കീമോതെറാപ്പി ചികിത്സയിലെ പെട്ടെന്നുള്ള പരിഷ്‌കരണങ്ങള്‍ ചികിത്സയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.