വീണ്ടും രാമക്ഷേത്ര അജന്‍ഡയുമായി

Posted on: December 23, 2015 6:00 am | Last updated: December 23, 2015 at 12:48 am

SIRAJ.......ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അയോധ്യാ വിഷയം വീണ്ടും സജീവമാക്കി വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് സംഘ്പരിവാര്‍. ഞായറാഴ്ച അയോധ്യയിലെ രാംസേവക് പുരത്ത് രാമക്ഷേത്ര നിര്‍മാണത്തിനുള്ള രണ്ട് ലോഡ് കല്ലുകള്‍ ഇറക്കിയതും അത് മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ അധീനതയിലുള്ളതാണ് കല്ലിറക്കിയ രാംസേവക് പുരം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നു ശേഖരിച്ച കല്ലുകളാണ് ഇവിടെ എത്തിച്ചതെന്നും രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ സ്വാമി നൃത്യഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ ശിലാപൂജ നടത്തിയതായും വി എച്ച് പി വക്താവ് ശരത് ശര്‍മ അറിയിക്കുകയുണ്ടായി. ക്ഷേത്രനിര്‍മാണത്തിനുള്ള സമയമിതാണെന്ന് മോദി സര്‍ക്കാറില്‍ നിന്ന് ‘സൂചന’ ലഭിച്ചെന്ന് മഹന്ത് നൃത്യാഗോപാല്‍ ദാസ് അവകാശപ്പെടുന്നു. 2.2 ലക്ഷം ചതുരശ്ര അടി കല്ലുകളാണത്രേ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത്. ഇതില്‍ 1.25 ലക്ഷം ചതുരശ്ര അടി കല്ലുകള്‍ അയോധ്യയിലെ വി എച്ച് പി ആസ്ഥാനത്ത് ശേഖരിച്ചതായും അവശേഷിക്കുന്നത് രാജ്യത്താകമാനമുള്ള ഹിന്ദു ഭക്തരില്‍ നിന്നു ശേഖരിക്കുമെന്നും അടുത്തിടെ നിര്യാതനായ വി എച്ച് പി നേതാവ് അശോക് സിംഗാള്‍ പ്രസ്താവിച്ചിരുന്നു.
ഭരണകൂടത്തെയും നീതിപീഠത്തെയും നോക്കുകുത്തിയാക്കി കര്‍സേവകര്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ടോളമായി. അന്ന് മുതല്‍ തുടങ്ങിയതാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നീക്കങ്ങള്‍. ക്ഷേത്രത്തിനാവശ്യമായ കല്ലുകളില്‍ പകുതിയോളം ഇതിനകം ശേഖരിച്ചു കഴിഞ്ഞു. തൂണുകളും പ്രത്യേക സ്ഥലത്ത് തയ്യാറായിക്കഴിഞ്ഞിട്ടുണ്ടത്രേ. ക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ ഉടനടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികള്‍ ഇതിനിടെ പ്രധനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും തീരുമാനം വൈകിയാല്‍ സ്വന്തമായി കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും പള്ളി തകര്‍ത്തത് പോലെ അത്ര എളുപ്പമല്ല ക്ഷേത്ര നിര്‍മാണം. അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. കേസില്‍ അന്തിമ വിധി വരുന്നത് വരെ തര്‍ക്കസ്ഥലത്ത് തത്സ്ഥിതി തുടരണമെന്നാണ് കോടതിയുടെ ഉത്തരവ്. മതസൗഹാര്‍ദത്തിന് ഹാനികരമാകുന്ന ഒരു തരം നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കുകയില്ലെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യങ്ങളൊക്കെ മറ്റാരേക്കാളും നന്നായി അറിയുന്നതാണ് നരേന്ദ്രമോദിക്കും ബി ജെ പി നേതൃത്വത്തിനും. മാത്രമല്ല, പെട്ടെന്ന് ക്ഷേത്രനിര്‍മാണം തുടങ്ങുന്നതിനോട് മോദിക്ക് താത്പര്യവുമില്ല. വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും മറ്റുമായി ആഗോള തലത്തില്‍ തന്റെ ഇമേജ് വര്‍ധപ്പിക്കാനും ന്യൂനപക്ഷ വിരുദ്ധനെന്ന ഇമേജ് മാറ്റിയെടുക്കാനുമുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ക്ഷേത്രനിര്‍മാണം തുടങ്ങുന്നത് ഗുണകരമാകില്ലെന്ന് മോദിക്ക് ബോധ്യമുണ്ട്. ഈ ഘട്ടത്തില്‍ ക്ഷേത്രനിര്‍മാണം ആഗോളതലത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും ദോഷകരമായി ഭവിക്കും. എങ്കിലും രാജ്യത്തിനകത്ത് അദ്ദേഹത്തിന്റെ നില അത്ര ഭദ്രമല്ല. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരം അധികാരത്തിലേറ്റിയ മോദി സര്‍ക്കാറിന്റെ ജനപ്രീതി അനുദിനം കുറഞ്ഞുവരികയാണ്. ഡല്‍ഹി, ബീഹാര്‍ തിരഞ്ഞടുപ്പുകളുടെയും യു പിയിലും ഗുജറാത്തിലും നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പിന്റെയു ഫലങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മാസങ്ങള്‍ക്കകം കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കയാണ്. 2017ല്‍ യു പി തിരഞ്ഞെടുപ്പും നടക്കും. കാര്യങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ ഈ തിരഞ്ഞടുപ്പുകളില്‍ ബി ജെ പിയുടെ നില പരുങ്ങലിലാകും. ജനങ്ങളെ ആകര്‍ഷിക്കത്തക്ക ദേശീയമോ ജനകീയമോ ആയ മുദ്രാവാക്യങ്ങളൊന്നും പാര്‍ട്ടിയുടെ അജന്‍ഡയിലില്ല താനും. ഈ സാഹചര്യത്തിലായിരിക്കണം രാമക്ഷേത്രമെന്ന പഴയ അജന്‍ഡ തന്നെ പൊടി തട്ടി അവതരിപ്പിക്കാന്‍ സംഘ്പരിവാര്‍ തുനിയുന്നത്. തീവ്രഹിന്ദുത്വ സംഘടനകളിലും കര്‍സേവകരിലും രാമക്ഷേത്രത്തെക്കുറിച്ച പ്രതീക്ഷ നിലനിര്‍ത്തി അവരെ പാര്‍ട്ടിക്ക് പിന്നില്‍ അണിനിരത്താന്‍ ഇതാവശ്യമാണെന്നാണ് നേതൃത്വം വിലയിരുത്തല്‍. എന്നാല്‍ ഈ ആയുധത്തിന് കൂടെക്കൂടെ മൂര്‍ച്ച കുറഞ്ഞു വരികയാണ്. മുമ്പത്തേ പോലെ ആവേശം ഇക്കാര്യത്തില്‍ എവിടെയും പ്രകടമല്ല.്യൂഇക്കാര്യത്തില്‍ നേതൃത്വം ഒരു പുനര്‍വിചന്തനത്തിന് സന്നദ്ധമാകുകയും അജന്‍ഡകളില്‍ തദനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഊതിക്കത്തിക്കുന്ന വര്‍ഗീയ വികാരം ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. അതിന് ഏറെക്കാലത്തെ നിലനില്‍പ്പുണ്ടാകില്ല.