National
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. തൊട്ടടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി അടുത്തമാസം മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സഹമന്ത്രിമാരായ ജയന്ത് സിന്‍ഹ, മനോജ് സിന്‍ഹ എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയോ പുതിയ ചുമതലകള്‍ നല്‍കുകയോ ചെയ്യും. നിലവില്‍ ധനകാര്യ സഹമന്ത്രിയാണ് ജയന്ത് സിന്‍ഹ. റെയില്‍വേ സഹമന്ത്രിയാണ് മനോജ് സിന്‍ഹ.
കൂടാതെ ഒരു സാമ്പത്തിക വിദഗ്ധനെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായതായിട്ടുണ്ട്.
ശിവസേന ശിപാര്‍ശ ചെയ്ത അനില്‍ ദേശായി, അനന്ത്‌റാവു അദ്ശൂല്‍, പ്രതാപറാവ യാദവ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. അതേസമയം പ്രതിരോധ വകുപ്പ്, മാനവശേഷി വികസന, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍കളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. ഉരുക്ക്, ഖനി സഹമന്ത്രി വിഷ്ണുദയോ സായിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കും. ഇത്തരമൊരു നീക്കത്തിന് പ്രധാനമന്ത്രി മോദി തന്നെ പ്രത്യേക താത്പര്യമെടുക്കുന്നതായാണ് വിവരം.
നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള ഒരു മുതിര്‍ന്ന മന്ത്രിക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയേക്കും. 2017 ആദ്യത്തിലാകും ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. യു പിയില്‍ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 80 ലോക്‌സഭാ സീറ്റുകളില്‍ 71ലും ബിജെപിയാണ് വിജയിച്ചത്.



