Connect with us

Kerala

പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ച് ഫേസ്ബുക്കിലിട്ടു; കുമ്മനത്തിന്റെ നടപടി വിവാദമായി

Published

|

Last Updated

പത്തനംതിട്ട: അടൂരില്‍ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ച് ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടി വിവാദമായി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിച്ചാണ് കുമ്മനം രാജശേഖരന്‍ തന്റെ ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. “കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളായ ശൂരനാട് സ്വദേശിനിയുടെ വീട് സന്ദര്‍ശിക്കുന്നു”. എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് കുമ്മനം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം വിവാദമായതോടെ പിന്‍വലിച്ച് അദ്ദേഹം തടിയൂരി.
ബി ജെ പി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പമാണ് കുമ്മനം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപരമായ അക്രമണങ്ങള്‍ക്കെതിരെ 2012 ല്‍ നിലവില്‍ വന്ന നിയമത്തിലെ സെക്ഷന്‍ 23(2) പ്രകാരം ഇരയെ പൊതുസമൂഹത്തിന് തിരിച്ചറിയത്തക്കമുള്ള ചിത്രമോ, വിലാസമോ, കുടംബപരമായ വിവരങ്ങളോ, വാര്‍ത്തകളോ, പ്രസിദ്ധീകരിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് കുമ്മനത്തിന്റെ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പീഡനങ്ങളുമായി ബന്ധപെട്ട് നിരവധി കേസുകളില്‍ ഹൈക്കോടതികളടക്കം ഇരകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത ്‌വിടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വിലക്കുകളും നിയമങ്ങളും സാമൂഹിക നീതിയും മറന്നാണ് കുമ്മനം ചിത്രം പോസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
ഫോണ്‍ വഴി പരിചയപ്പെട്ട കുട്ടികളെ ഈ മാസം നാലിന് അഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കടമ്പനാട് ജംഗ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കൈകള്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്.

Latest