ഫലസ്തീന്‍ രാഷ്ട്രത്തെ ഗ്രീക്ക് പാര്‍ലിമെന്റും അംഗീകരിക്കുന്നു

Posted on: December 22, 2015 5:07 am | Last updated: December 22, 2015 at 12:08 am

കാബൂള്‍: ഫലസ്തീന്‍ രാഷ്ട്രത്തിന് ഗ്രീക്ക് പാര്‍ലിമെന്റും അംഗീകാരം നല്‍കുന്നു. പാര്‍ലിമെന്റില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ഫലസ്തീന്‍ ജനതയെ അംഗീകരിക്കുന്ന ഈ തീരുമാനം കൈക്കൊള്ളുക. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഗ്രീസിലെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയനില്‍പെട്ട മറ്റു പല രാജ്യങ്ങളും നേരത്തെ തന്നെ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
മഹ്മൂദ് അബ്ബാസ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസിനെയും പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിനെയും കണ്ട് കൂടിക്കാഴ്ച നടത്തും. ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ലിമെന്റിന്റെ വിദേശകാര്യ കമ്മിറ്റി ഐക്യകണ്‌ഠേന സമ്മതം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഇസ്‌റാഈലില്‍ സന്ദര്‍ശനം നടത്തിയ ഗ്രീക്ക് പ്രസിഡന്റ് സിപ്രസ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും കണ്ടിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഔദ്യോഗികമായി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പതാക സ്ഥാപിച്ചത് കഴിഞ്ഞ സെപ്തംബര്‍ 30നാണ്. ഇതിന് ശേഷം ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത അബ്ബാസ്, ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ലോകം മുഴുവന്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.