Connect with us

Qatar

നീണ്ട ഇടവേളക്ക് ശേഷം കാള്‍സന്റെ ഓപണ്‍ ടൂര്‍ണമെന്റ് ഖത്വറില്‍

Published

|

Last Updated

ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സണ്‍ ഖത്വര്‍ ചെസ് അസോസിയേഷന്‍
അധികൃതര്‍ക്കൊപ്പം

ദോഹ: ഖത്വര്‍ മാസ്‌റ്റേഴ്‌സ് ഓപണ്‍ ചെസ് ടൂര്‍ണമെന്റ് ആസ്പിയറില്‍ ആരംഭിച്ചു. ചെസ് ടൂര്‍ണമെന്റുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള മത്സരമാണ് എന്നതിന് പുറമെ, ലോക ചാംപ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന ഓപണ്‍ ടൂര്‍ണമെന്റാണ് ഖത്വറിലേതെന്നതും പ്രത്യേകതയാണ്. 1.30 ലക്ഷം ഡോളറാണ് മൊത്തം സമ്മാനത്തുക.
വഌദിമിര്‍ ക്രാംനിക്, അനീഷ് ഗിരി, വെസ്ലി സോ, സെര്‍ജി കര്‍ജാകിന്‍ തുടങ്ങിയവരുമായാണ് 24കാരനായ കാള്‍സണ്‍ ഏറ്റുമുട്ടുക. ഇതിന് മുമ്പ് ട്രോംസോയില്‍ 2007 ആഗസ്റ്റില്‍ നടന്ന ആര്‍ക്ടിക് ചെസ് ചലഞ്ചായിരുന്നു കാള്‍സന്റെ അവസാന ഓപണ്‍ ചെസ് ടൂര്‍ണമെന്റ്. കാള്‍സന്റെ സാന്നിധ്യം ഉള്ളതിനാല്‍ തന്നെ ചരിത്രത്തിലെ വാശിയേറിയതും ശക്തവുമായ പോരാട്ടമായിരിക്കും ഇത്തവണത്തേതെന്ന് ഖത്വര്‍ ചെസ് അസോസിയേഷന്‍ പ്രസിഡന്റ് ഖലീഫ മുഹമ്മദ് അല്‍ ഹിത്മി പറഞ്ഞു. നിലവിലെ ലോകചാംപ്യന്‍ പങ്കെടുക്കുന്ന ഓപണ്‍ ടൂര്‍ണമെന്റ് എന്ന ബഹുമതി കൂടി ഇതിനുണ്ട്. സാധാരണ ഒന്നാംനിര ചെസ് പ്രതിഭകള്‍ ക്ലബ് മത്സരത്തിലും വേള്‍ഡ് ചാംപ്യന്‍ഷിപ്പിലുമാണ് പങ്കെടുക്കാറുള്ളത്. 2013 നവംബറില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ ലോക ചാംപ്യന്‍ പട്ടം നേടിയത്. 2014 മെയില്‍ ഫിഡെ റേറ്റിംഗ് ലിസ്റ്റിലെ ഇ എല്‍ ഒ റേറ്റിംഗില്‍ 2882 എന്ന പോയിന്റിലെത്തിയത് ചരിത്രസംഭവമായിരുന്നു. 2014 നവംബറില്‍ വിശ്വനാഥന്‍ ആനന്ദിനെ തന്നെ പരാജയപ്പെടുത്തി ലോകചാംപ്യന്‍ പട്ടം കാള്‍സണ്‍ ഭദ്രമാക്കിയിരുന്നു. ഖത്വറില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും കഴിഞ്ഞ ലോക ചെസ്സ് ചാംപ്യന്‍ഷിപ്പിന് മുമ്പ് രണ്ടാഴ്ചക്കാലം കാള്‍സണ്‍ ദോഹയില്‍ തങ്ങിയിരുന്നു.
ഖത്വറില്‍ ചെസ്സ് ജനകീയമാക്കുക, ഗള്‍ഫ് മേഖലയിലെ ചെസ്സ് ഹബ്ബാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ടൂര്‍ണമെന്റിന് പിന്നിലെന്ന് ക്യു സി എഫ് സെക്രട്ടറിയും ടൂര്‍ണമെന്റ് ഡയറക്ടറുമായ മുഹമ്മദ് അല്‍ മിദൈഖി പറഞ്ഞു. ഒന്നാം സ്ഥാനക്കാരന് 27000 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 16000, 12000 ഡോളര്‍ വീതവും ലഭിക്കും. മികച്ച വനിതാ താരത്തിന് 8000 ഡോളറും മികച്ച അറബ് കളിക്കാരന് 2500 ഡോളറും ലഭിക്കും. വനിതകളില്‍ ഇന്ത്യയുടെ കനേരു ഹംപി, ജോര്‍ജിയയുടെ ബെല ഖോതിനഷ്‌വ്‌ലി, ചൈനയുടെ ഹൂ യിഫാന്‍, റഷ്യയുടെ അലക്‌സാന്‍ഡ്ര കോസ്തിന്യൂക് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. ഖത്വറില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്റര്‍ മുഹമ്മദ് അല്‍ സഈദ്, ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ഹുസൈന്‍ അസീസ് നിസാദ് എന്നിവര്‍ പങ്കെടുക്കും.

 

Latest