Connect with us

Wayanad

അഞ്ച് തലമുറ കണ്ട മാതു അമ്മ വിടവാങ്ങി

Published

|

Last Updated

മാനന്തവാടി: അഞ്ച് തലമുറ കണ്ട മാനന്തവാടി അമ്പുകുത്തിമൈതാനത്തെ കരിപ്പൂളില്‍ ഒണക്കന്റെ ഭാര്യ മാതു അമ്മ ഓര്‍മ്മ ഓര്‍മ്മയായി. നൂറ്റിപത്ത് വയസുളള മാതു അമ്മ ഏവര്‍ക്കും അത്ഭുതമായിരുന്നു.
വയനാടിന്റെ പ്രത്യേകിച്ച് മാനന്തവാടിയുടെ പഴയ കാല ചരിത്രം ഇവരുടെ മനസില്‍ ഇന്നലെ കഴിഞ്ഞത് പോലെയായിരുന്നു. നൂറ്റി പത്ത് വയസായിട്ടും ചുറുചുറുക്കോടെ ദിവസവും നടക്കാറുളള മാതു അമ്മ ഈയിടെയാണ് അസുഖം ബാധിച്ച് കിടപ്പിലായത്. കിടന്നാല്‍ രോഗം വരുമെന്ന് മാതു അമ്മക്ക് അറിയാമായിരുന്നു. പക്ഷെ കിടക്കേണ്ടി വന്നു. അത് കൊണ്ട് പിന്നീട് എഴുന്നേറ്റ് നടക്കാനും വയ്യാതായി. ഇന്നലെ ഉച്ച കഴിഞ്ഞ് മാതു അമ്മ ഈ ലോകത്തോടെ വിടപറഞ്ഞു. വയസ് ഇത്രയായിട്ടും ചുറ്റുവട്ടത്തിലായി കഴിയുന്ന മക്കളുടെ ക്ഷേമം അന്വേഷിച്ച് മാതു അമ്മ എന്നും നടക്കും. അമ്പുകുത്തിയിലെ മൂന്നാമത്തെ മകള്‍ നളിനിക്കൊപ്പമായിരുന്നു താമസം. അവസാന നിമിഷം ഓര്‍മ്മക്ക് ചെറിയ തോതില്‍ മങ്ങലേറ്റു. നടക്കാനും വയ്യാതായി. ഊന്ന് വടിക്കും തന്നെ താങ്ങാന്‍ കെല്‍പ്പില്ലെന്ന് പോലും മാതു അമ്മക്ക് സംശയം. പരസഹായം തേടുന്നതിനെക്കാള്‍ നല്ലത് വീട്ടിലൊതുങ്ങി കഴിയുന്നത് തന്നെ നല്ലത്. അഞ്ച് തലമുറയെ കണ്ട മാതു അമ്മക്ക് മക്കള്‍ ആറ്. മൂത്ത മകള്‍ പതിനഞ്ചാം വയസില്‍ അസുഖം ബാധിച്ച് മരണപ്പെട്ടു. ഇളയ മകന്‍ പുരുഷു ചെറുപ്പത്തില്‍ നാട് വിട്ടു.
ഇപ്പോള്‍ എവിടെ ഉണ്ടെന്ന് പോലും അറിയില്ല. മറ്റ് മക്കളായ ലീല, നളിനി, സാവിത്രി, ശ്രീധരന്‍ എന്നിവര്‍ അമ്പുകുത്തിയിലും പരിസരത്തുമായി കഴിയുന്നു. ഭര്‍ത്താവ് ഒണക്കന്‍ മരണപ്പെട്ട ദിവസം തന്നെയാണ് മൂത്ത മകളും മരണപ്പെടുന്നത്. ഒരു ദിവസം തന്നെ രണ്ട് മരണം. അതാണ് മാതു അമ്മയെ തളര്‍ത്തിയത്. പിന്നെ കഷ്ടപ്പെട്ട് മാതു അമ്മ മക്കളെ വളര്‍ത്തി. ഇതൊക്കെയാണെങ്കിലും അന്ന് അമ്പുകുത്തിയിലെ ഏറ്റവും നല്ല വീട് മാതു അമ്മയുടെതായിരുന്നു. ആ തറവാട് ഭാഗം വച്ചപ്പോള്‍ വീട് മകന്‍ ശ്രീധരന് നല്‍കി.ശ്രീധരന്‍ തനിക്ക് കിട്ടിയ ഭൂമിയും വീടും വിറ്റു. ഈ അടുത്ത കാലത്താണ് അത് പൊളിച്ചത്. ഒടുവില്‍ മാതു അമ്മ താമസം മകള്‍ നളിനിക്കൊപ്പമാക്കി.
ഇവിടെ നിന്നാണ് മാതു അമ്മ മക്കളെ തേടി നടത്തം തുടങ്ങിയത്. ദിവസവും പത്ത് കിലോ മീറ്റര്‍ ചുറ്റളവിലായുളള നടത്തമാണ് മാതു അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം. നൂറ്റിപത്താം വയസിലും മക്കളെ തേടി ദിനം പ്രതി നടക്കുന്ന മാതു അമ്മ ഏവര്‍ക്കും കൗതുകമാണ്. തൂണിനോടും തുരുമ്പിനോടും കുശലം പറഞ്ഞ് നടന്ന മാതു അമ്മ ഇത്രയും കാലം എന്തെല്ലാം കണ്ടു?. എന്തെല്ലാം കേട്ടു?. ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് .കൊച്ചുമകന്‍ സനലിനെ അമ്പുകുത്തിയില്‍ വച്ച് കാട്ടാന ചവിട്ടിക്കൊന്നത് മാതു അമ്മക്ക് മനസില്‍ നിന്ന് പോയിട്ടില്ല. വയനാട് ജില്ലാ സഹകരണ ബാങ്ക് മാനന്തവാടി ശാഖയിലെ ജീവനക്കാരനായിരുന്നു സനല്‍. അത് കഴിഞ്ഞ് മകളുടെ മകനും മാനന്തവാടിയിലെ സി പി എം നേതാവുമായിരുന്ന പി.കെ. ശശിധരന്റെ മരണവും മാതു അമ്മയെ വേദനിപ്പിച്ചു. ഇങ്ങനെ ദുരന്തങ്ങള്‍ ഓരോന്നായി മാതു അമ്മക്ക് ഉണ്ടായി. എന്നിട്ടും തളര്‍ന്നില്ല. ഗതകാല സ്മരണകള്‍ അയവിറക്കി കഴിഞ്ഞു. ഒരുപവന്‍ സ്വര്‍ണ്ണത്തിന് പന്ത്രണ്ട് രൂപ മാത്രം ഉണ്ടായിരുന്ന ഒരു കാലം മാതു അമ്മക്ക് ഓര്‍മ്മയുണ്ട്. ഒരേക്കറോളം സ്ഥലം അമ്പുകുത്തിയില്‍ ഉണ്ടായിരുന്നു.അതിലില്ലാത്ത ഫലവൃക്ഷങ്ങളില്ല. ഭര്‍ത്താവിന്റെ മരണശേഷം കഷ്ടപ്പാട് ഏറെ ഉണ്ടായിരുന്നു. ഈ സ്ഥലത്തിന് ഇരുന്നൂറ് രൂപവരെ അന്ന് വില പറഞ്ഞിട്ടും മാതു അമ്മ ആര്‍ക്കും കൊടുത്തില്ല. ഭര്‍ത്താവ് ഒണക്കന്‍ മരണപ്പെടുമ്പോള്‍ പത്തായം നിറയെ നെല്ലും ആല നിറയെ പശുക്കളും ആടുകളും ഒക്കെ ഉണ്ടായിരുന്നു. അത് കൊണ്ട് പട്ടിണി അധികം അറിഞ്ഞില്ല.
ഇതിനിടയിലാണ് കൂലിപ്പണിക്കും മറ്റും പോയിരുന്നത്. തലശ്ശേരിയിലെ കോടിയേരിക്കടുത്ത പന്തക്കലില്‍ നിന്ന് തന്റെ പത്താം വയസില്‍ ചില ബന്ധുക്കള്‍െക്കൊപ്പം പേര്യ ചുരം കയറി വന്നതാണ് മാതു അമ്മ.അന്ന് കാടുംമേടുമായിരുന്നു മാനന്തവാടി. മാതു അമ്മയുടെ ആ അഞ്ച് തലമുറ കൂടി ആരാണെന്ന് അറിയുക. മകള്‍ ലീല, ലീലയുടെ മകള്‍ ശാന്ത, ശാന്തയുടെ മകള്‍ ബബിത, ബബിതയുടെ മകള്‍ ആതിര. ആതിരക്ക് കല്യാണ പ്രായമായി.അത് കാണാനുളള ഭാഗ്യം ഏതായാലും മാതു അമ്മക്ക് ഉണ്ടായില്ല. ഇതിലൊരു കുഞ്ഞ് കൂടി ഉണ്ടായാല്‍ ആറ് തലമുറയെ കണ്ട ഭാഗ്യം മാതു അമ്മക്ക് സ്വന്തമാകുമായിരുന്നു. ഇന്നലെ സന്ധ്യക്ക് വീട്ട് വളപ്പില്‍ ശവസംസക്കാരം നടന്നു.

---- facebook comment plugin here -----

Latest