Connect with us

Malappuram

അങ്ങാടിപ്പുറം വണ്‍വേ സമ്പ്രദായം നോക്കുകുത്തിയാകുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണത്തിനായി കഴിഞ്ഞ 12-ാംന് മുതല്‍ ആരംഭിച്ച വണ്‍വെ സമ്പ്രദായം നോക്കുകുത്തിയായി.
പോലീസിന് കണ്‍മുമ്പിലൂടെ നാല് ചക്രവാഹനങ്ങളുടെ നീണ്ട നിര തന്നെ നിരോധിത മേഖലയിലൂടെ കടന്നുപോവുന്നത് ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നു. ചുരുക്കത്തില്‍ ഇതിലൂടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ക്ക് മാത്രമായി വണ്‍വെ സമ്പ്രദായം ഒതുങ്ങി. നാല് ചക്രവാഹനങ്ങളായ ടെംബോ ട്രാവലര്‍, ചരക്ക് കയറ്റിയ ലോറികളടക്കം ഇതുവഴി കടന്ന് പോവുമ്പോള്‍ പോലീസിന്റെ വീഴ്ചയെയാണ് ചുണ്ടുന്നത്. ചില കാറുകള്‍ക്ക് പോലീസ് മാനുഷിക പരിഗണനയെന്നോണം അയവു വരുത്തുന്നുണ്ടെങ്കിലും അത് അവര്‍ക്ക് തന്നെ വിനയാകുന്നു. താഴെ അങ്ങാടിപ്പുറത്ത് അല്‍പാക്കുളത്തിന്നടുത്തുള്ള പാതാരി ഓഡിറ്റോറിയത്തിന് സമീപം കഷ്ടിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിനിടയില്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും നാല് ചക്രവാഹനങ്ങളുള്‍പ്പെടെയെത്തുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുകയാണ്. തെല്ലൊന്ന് വെട്ടിച്ചാല്‍ റോഡിനോട് ചേര്‍ന്ന് കീറിയ ചാലുകളിലേക്ക് നിലം പൊത്താനും സാധ്യതയുണ്ട്. ഇവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന കുരുക്ക് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഇന്നലെ അവധി ദിനമാണെങ്കിലും കല്യാണാവശ്യാര്‍ഥം എത്തുന്ന ടെംബൊ ട്രാവലറുകള്‍ ഒട്ടേറെയാണ് കടന്ന്‌പോയത്.
ഗതാഗക്കുരുക്ക് മണിക്കൂറുകളോളം എരിയുന്ന വെയിലില്‍ കാത്ത് കെട്ടികിടന്നപ്പോള്‍ ജനം രോഷാകുലരാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ ഡ്യൂട്ടിയിലുള്ള പോലീസ് കാര്‍ പ്രധാന ജംഗ്ഷനുകളില്‍ നിന്നും മാറുന്നതക്കം നോക്കി നില്‍ക്കുന്ന ഗ്യാസ് ടാങ്കര്‍ ലോറികളും ഇക്കൂട്ടത്തിലുണ്ട്. രാത്രി ഏറെ വൈകിയാണ് ഇവരെ കടത്തി വിടാറ് പതിവ് ഈ വണ്‍വെ സമ്പ്രദായം തുടക്കത്തില്‍ വളരെ കര്‍ശനമായിരുന്നുവെങ്കിലും സ്ഥിതി ഇന്ന് മാറിക്കഴിഞ്ഞു.
ഡിസംബര്‍ 31 വരെയാണ് വണ്‍വെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞുവെങ്കിലെ ഈ പറഞ്ഞ തീയതിക്കകം വണ്‍വെ അവസാനിപ്പിക്കുവാനാകൂ.

Latest