ലൈംഗിക അതിക്രമം: ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് എം എല്‍ എ

Posted on: December 21, 2015 10:14 am | Last updated: December 21, 2015 at 10:14 am

കോഴിക്കോട്: ജില്ലാ ജയില്‍ സൂപ്രണ്ടില്‍ നിന്നും ലൈംഗിക അതിക്രമത്തിന് വിധേയയായ വനിതാ ഉദ്യോഗസ്ഥ, മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്നും ജയില്‍ സൂപ്രണ്ടിനെതിരെ കേസെടുക്കണമെന്നും കെ കെ ലതിക എം എല്‍ എ വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സൂപ്രണ്ട് ലൈംഗികമായ വാക്കുകള്‍ ഉപയോഗിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാതിരുന്നപ്പോള്‍ പ്രതികാര ബുദ്ധിയോടെ ദ്രോഹിക്കുകയും ചെയ്തതായിട്ടാണ് പരാതി. മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും അന്വേഷണമോ മറ്റ് നടപടികളോ ജയില്‍ ഐ ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങളും സുപ്രീം കോടതി നിര്‍ദേശങ്ങളും ഇവിടെ കാറ്റില്‍ പറത്തുകയാണ്. ജയിലിലെ മറ്റ് വനിതാ ഉദ്യോഗസ്ഥര്‍ക്കും സൂപ്രണ്ടില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവമുണ്ടായതായി അറിയുന്നു. ഇക്കാര്യം സ്ത്രീകളുടെയും കുട്ടികളുടെയും നിയമ സഭാ കമ്മിറ്റി മുമ്പാകെ ഉന്നയിക്കും. അടിയന്തിരമായി അന്വേഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.