Connect with us

Kozhikode

റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നില്‍ ഭൂമാഫിയയെന്ന്

Published

|

Last Updated

മുക്കം: മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ക്ക് നമ്പറിടാന്‍ വന്ന ലാന്റ്, റവന്യൂ അധികൃതരെ തടഞ്ഞു തിരിച്ചയച്ചതിന് പിന്നില്‍ ഭൂമാഫിയകളാണെന്ന് ആരോപണം. ചേന്ദമംഗല്ലൂര്‍ ദേശത്തെ റീ സര്‍വേ 91, 99 നമ്പുകളിലുള്‍പ്പെട്ട 25.84 ഏക്കറില്‍ 24 ഏക്കര്‍ 1981ല്‍ 240 പേര്‍ക്ക് 10 സെന്റ് വീതം പതിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഏതാനുമാളുകള്‍ മാത്രമേ ഇവിടെ താമസമാക്കിയുള്ളൂ. ബാക്കിയുള്ളവരെല്ലാം ബ്ലോക്ക് മുഖേനയുള്ള സ്‌കീമില്‍ പട്ടയം പണയപ്പെടുത്തി വായ്പ വാങ്ങുകയും ലോണ്‍ തിരിച്ചടക്കാതെ ഭൂമി വാക്കാലോ എഗ്രിമെന്റ് നല്‍കിയോ കൈമാറ്റം ചെയ്തു. “ചുളു” വിലക്ക് ഭൂമി വാങ്ങിയവര്‍ വീടുകളുണ്ടാക്കി താമസം തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇവിടുത്തെ താമസക്കാര്‍ക്ക് പട്ടയം ലഭിക്കാത്തതു മൂലം സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതായി. ഇതിനെത്തുടര്‍ന്ന് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നു. ഇതേത്തുടര്‍ന്ന് 2010ല്‍, നേരത്തെ സ്ഥലം ലഭിച്ചവരില്‍ വ്യവസ്ഥ ലംഘിച്ചവരുടെ പട്ടയം റദ്ദ് ചെയ്യാന്‍ ഉത്തരവായി. ഇവര്‍ പട്ടയം പണയപ്പെടുത്തി എടുത്ത കടം എഴുതിത്തള്ളി ഭൂമി തിരിച്ചെടുത്ത ശേഷം നിലവിലെ കൈവശക്കാര്‍ അര്‍ഹരാണെങ്കില്‍ അവര്‍ക്ക് പട്ടയം അനുവദിക്കാനും ഉത്തരവായി. 2012ല്‍ തഹസില്‍ദാര്‍ നടത്തിയ വിചാരണയില്‍ 50 പേര്‍ മാത്രമേ ഹാജരായുളളൂ. ഇവിടെ താമസക്കാരായ 50 പേര്‍ക്കും പട്ടയം നല്‍കാനും ബാക്കി 190 പേരുടെ പട്ടയം റദ്ദ് ചെയ്യാനും ബാക്കി വരുന്ന സ്ഥലം ഭൂരഹിത കേരളം പദ്ധയിലുള്‍പ്പെടുത്തി പതിച്ച് നല്‍കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 2014ല്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നേരത്തെ നടന്ന വിചാരണയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി ലഭിച്ചു. 50 പേര്‍ക്ക് പുറമെ ഇവിടെ താമസിക്കുന്നവര്‍ക്ക് കൂടി പട്ടയം അനുവദിക്കാനും അഞ്ചേക്കറില്‍ പോളിടെക്‌നിക് സ്ഥാപിക്കുന്നതിന് അനുവദിക്കാനും തീരുമാനമായി .ഇതനുസരിച്ച് പുതുതായി 61 പേര്‍ക്ക് കൂടി പട്ടയമനുവദിക്കുന്നതിന് അന്തിമ ഉത്തരവിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ക്കുള്ള സ്ഥലം കഴിച്ച് 15 ഏക്കര്‍ സ്ഥലം ഇപ്പോള്‍ ഏതാനും പ്രമാണിമാരും ഗള്‍ഫില്‍ ബിസിനസ് നടത്തുന്നവരും കൈയടക്കി വെച്ചിരിക്കുകയാണ്. ഇതിനെതിരെ കേസിനു പോയവരെ കോടതി ഉത്തരവ് പ്രകാരം നോട്ടീസയച്ച് വിളിച്ചു വരുത്തി ഡെപ്യൂട്ടി കലക്ടര്‍ തെളിവ് ശേഖരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഇവരുടെ ഉടമസ്ഥാവകാശം അധികൃതര്‍ തള്ളുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം നാട്ടുകാരെന്ന പേരില്‍ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതും തിരിച്ചയച്ചതും. നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണമെന്ന് പോളിടെക്‌നിക് സപ്പോര്‍ട്ടിംഗ് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest