അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വിഎച്ച്പി എത്തിച്ചുതുടങ്ങി

Posted on: December 21, 2015 9:21 am | Last updated: December 22, 2015 at 9:46 am

vhpഫൈസാബാദ്: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നടപടികളുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. ക്ഷേത്ര നിര്‍മാണത്തിനായി രണ്ട് ലോഡ് കല്ലുകളും സ്ലാബുകളും അയോധ്യയില്‍ വി എച്ച് പിയുടെ ഉടമസ്ഥതയിലുള്ള രാമസേവകപുരത്ത് എത്തിച്ചു. ക്ഷേത്ര നിര്‍മാണത്തിനുള്ള സമയമാണിതെന്ന അനുകൂല നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ചതായാണ് വി എച്ച് പി നേതാക്കള്‍ അവകാശപ്പെടുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള സമയമിതാണെന്നും നിരവധി കല്ലുകള്‍ വരുംദിവസങ്ങളില്‍ ഇവിടെയെത്തുമെന്നും ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂല സൂചന ലഭിച്ചതായും രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍ ദാസ് വ്യക്തമാക്കി.

Ayodhya-Temple-VHP-Stones

രണ്ട് ട്രക്കുകളിലായി കല്ല് അയോധ്യയില്‍ എത്തിയതായും മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ ശിലാപൂജ നടന്നതായും വി എച്ച് പി വക്താവ് ശരത് ശര്‍മ സ്ഥിരീകരിച്ചു. ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഭരിക്കുമെന്ന് ആറ് മാസം മുമ്പ് വി എച്ച് പി പ്രഖ്യാപിച്ചിരുന്നു. നടപടി എടുക്കുന്നതിന് മുമ്പ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനുള്ള കല്ലുകള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിനെന്ന് അവകാശപ്പെടുന്ന കല്ലുകള്‍ സ്വകാര്യ ഭൂമിയില്‍ എത്തിച്ചിട്ടുണ്ടെന്നും സമാധാനവും സാമുദായിക മൈത്രിയും തകര്‍ക്കുന്ന സംഭവമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫൈസാബാദ് പോലീസ് സൂപ്രണ്ട് പറഞ്ഞു.
ഇത്തരത്തിലുള്ള നടപടികളില്‍ നിന്ന് വി എച്ച് പി പിന്മാറുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹാശിം അന്‍സാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാമക്ഷേത്ര നിര്‍മാണവുമായി ബി ജെ പി വീണ്ടും രംഗത്തെത്തിയത്. 2017ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കാനുണ്ടെങ്കിലും ബി ജെ പിക്ക് കാര്യമായ പ്രതീക്ഷയില്ലാത്ത സംസ്ഥാനങ്ങളാണിത്. ബീഹാര്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം നടക്കുന്ന ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നതിന് ഹിന്ദുത്വ അജന്‍ഡ ശക്തമായി ഉപയോഗപ്പെടുത്തുന്നതിനാണ് ബി ജെ പി ശ്രമിക്കുന്നത്.