എം പി ജനങ്ങളെ വിഡ്ഡികളാക്കുന്നു: എസ് ടി യു

Posted on: December 21, 2015 4:03 am | Last updated: December 20, 2015 at 9:05 pm

കാസര്‍കോട്: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പും അനുവദിപ്പിക്കുന്ന കാര്യത്തില്‍ പി.കരുണാകരന്‍ എം.പി. ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുര്‍ റഹ്മാന്‍ പ്രസ്താവിച്ചു.
കണ്ണൂര്‍ ജില്ലയില്‍ രണ്ടു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാസര്‍കോട് ഒരണ്ണെത്തിന് വേണ്ടി വര്‍ഷങ്ങളായി ജനങ്ങള്‍ മുറവിളി കൂട്ടുകയാണ്. കേരളത്തിലെ മിക്കജില്ലാ ആസ്ഥാനങ്ങളിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് ഉണ്ടെങ്കിലും ജില്ലാ ആസ്ഥാനമായ കാസര്‍കോട് മാത്രം സ്റ്റോപ്പില്ല. ഇക്കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളും ജനകീയ സംഘടനകളും കാലകാലങ്ങളിലായി ശബ്ദമുയര്‍ത്തുമ്പോള്‍ മന്ത്രിമാര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയതായി എം പി പത്രകുറിപ്പ് നല്‍കുകയാണ്. 2004 മുതല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംപി ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ കനത്ത പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു. കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പും അനുവദിക്കുന്നതിന് എം പിയുടെ ഭാഗത്ത് നിന്നും ആത്മാര്‍ഥ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും ഇക്കാര്യത്തിലുള്ള കാലതാമസത്തെക്കുറിച്ച് സി പി എമ്മും എം പിയും നിലപാട് വ്യക്തമാക്കണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.