സെന്‍സെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടത്തില്‍

Posted on: December 20, 2015 11:56 pm | Last updated: December 20, 2015 at 11:56 pm

share marketകൊച്ചി: ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തില്‍. സെന്‍സെക്‌സ് 474 പോയിന്റും നിഫ്റ്റി 151 പോയിന്റും കയറി. ക്രിസ്തുമസ് പ്രമാണിച്ച് വെള്ളിയാഴ്ച്ച വിപണി അവധിയാണ്.
യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക്— 25 ബേസീസ് പോയിന്റ് വര്‍ധിപ്പിച്ചു.— അതേസമയം നിക്ഷേപം തിരിച്ചു പിടിക്കാനുള്ള വിദേശ ഫണ്ടുകളുടെ നീക്കം തുടരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം വിദേശ നിക്ഷേപകരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷേപകരാക്കി.
മുന്‍ നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 69,415 കോടി രൂപ വര്‍ധിച്ചു. ആര്‍ ഐ എല്‍, ഐ റ്റി സി, റ്റി സി എസ്, എച്ച് ഡി എഫ് സി ബേങ്ക്, ഇന്‍ഫോസീസ്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി എന്നിവയുടെ വിപണി മൂല്യം ഉയര്‍ന്നു.
ബി എസ് ഇ സൂചിക 24,926-25,823 റേഞ്ചില്‍ കയറി ഇറങ്ങി. ഈ വാരം 25,422-26,319 ലെ പ്രതിരോധവും 25,022-24,525 ല്‍ താല്‍ക്കാലിക താങ്ങുമുണ്ട്. നിഫ്റ്റി വാരാന്ത്യം 7761 ലാണ്. നിഫ്റ്റി താഴ്ന്ന റേഞ്ചായ 7575 ല്‍ നിന്നുള്ള കുതിപ്പില്‍ 7850 വരെ നിഫ്റ്റി സഞ്ചരിച്ചു. സൂചികയുടെ സാങ്കേതിക വശങ്ങള്‍ കണക്കിലെടുത്താല്‍ നിഫ്റ്റിക്ക് 7882ല്‍ പ്രതിരോധമുണ്ട്. ഇത് മറികടന്നാല്‍ 8003-8157 പോയിന്റ് വരെ കയറാം. സൂചികക്ക് തിരിച്ചടി നേരിട്ടാല്‍ 7607-7453ല്‍ താങ്ങുണ്ട്.
സ്റ്റീല്‍, പവര്‍, റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ തിളങ്ങി. ടാറ്റാ സ്റ്റീല്‍ ഓഹരി വില 6.25 ശതമാനം വര്‍ധിച്ചു. ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ്, എം ആന്‍ഡ് എം തുടങ്ങിയവയുടെ നിരക്ക് ഇടിഞ്ഞു. എന്‍ എസ് ഡി യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവാരം 544.23 കോടി രൂപയുടെ നിക്ഷേപം വിദേശ ഫണ്ടുകള്‍ നടത്തി.
ഒക്‌ടോബറില്‍ വ്യവസായിക ഉല്‍പാദനം 9.8 ശതമനം ഉയര്‍ന്നു. 2010 ന് ശേഷം ആദ്യമായാണ് ഇത്ര മികവ് ഉല്‍പാദന രംഗത്തുണ്ടാവുന്നത്. ഇതിനിടയില്‍ ജി ഡി പി വളര്‍ച്ച മുരടിക്കുമെന്ന കേന്ദ്രം വ്യക്തമാക്കി. 2015-16 ല്‍ 8.1-8.5 ശതമാനം വളര്‍ച്ച നേരത്തെ കണക്ക് കൂട്ടിയെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ വളര്‍ച്ച 7-7.5 ശതമാനത്തില്‍ ഒതുങ്ങും.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ 67.14 റേഞ്ചില്‍ നിന്ന് രൂപ 66.40 ലേക്ക് മെച്ചെപ്പെട്ടു.— രൂപയുടെ മൂല്യം 66 ലേക്ക് മെച്ചപ്പെടാം. ആഗോള ക്രൂഡ് ഓയില്‍ ബാരലിന് 36 ഡോളറിലാണ്. നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായി ക്രൂഡ് ഓയില്‍ കയറ്റുമതിക്കുള്ള തയ്യാറെടുപ്പിലാണ്.