റബ്ബര്‍ വില വീണ്ടും താഴേക്ക്: വെളിച്ചെണ്ണ വിപണി തളര്‍ച്ചയില്‍

Posted on: December 20, 2015 11:55 pm | Last updated: December 20, 2015 at 11:55 pm

MARKETകൊച്ചി: റബ്ബര്‍ വില വീണ്ടും ഇടിഞ്ഞു. കേരളത്തില്‍ റബ്ബര്‍ ഉത്പാദനം ഏറ്റവും ഉയരുന്ന കാലയളവാണിതെങ്കിലും ഷീറ്റിന്റെ വിലത്തകര്‍ച്ച മൂലം കര്‍ഷകരില്‍ വലിയൊരു വിഭാഗം റബ്ബര്‍ വെട്ടില്‍ നിന്ന് പിന്‍തിരിഞ്ഞു. കാര്‍ഷിക ചെലവുകള്‍ ഉയര്‍ന്നതിനാല്‍ റബ്ബര്‍ വില തികയില്ലെന്നതാണ് ഇതിന് കാരണം. റബ്ബര്‍ നാലാം ഗ്രേഡിന് 300 രൂപ ഇടിഞ്ഞ് 10,000 ലാണ്. 2009ല്‍ ലഭിച്ച റെക്കോര്‍ഡ് വിലയായ 24,300 രൂപയില്‍ നിന്ന് ഇതിനകം ക്വിന്റലിന് 14,300 രൂപ ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് ഷീറ്റ് 9700 രൂപയിലാണ്. ഒട്ടുപാല്‍ കിലോ 59 രൂപയിലും ലാറ്റക്‌സ് 73 രൂപയിലുമാണ്.
ഒക്‌ടോബറില്‍ റബ്ബര്‍ ഉത്പാദനം 15 ശതമാനവും നവംബറില്‍ 17 ശതമാനവും കുറഞ്ഞു. നിലവിലെ വിപണി നിലവാരം കണക്കിലെടുത്താല്‍ ഈ മാസവും ഉത്പാദനം കുറയാം.
വിദേശ മാര്‍ക്കറ്റുകളിലും റബ്ബര്‍— തളര്‍ച്ചയിലാണ്. ക്രൂഡ് ഓയിലിന് നേരിട്ട വിലത്തകര്‍ച്ചയാണ് നിക്ഷേപകരെ റബ്ബറില്‍ നിന്ന് അകറ്റിയത്. 2008ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്രൂഡ് ഓയില്‍. ടോക്കോമിലും സിക്കോമിലും റബ്ബര്‍ വില ഇടിഞ്ഞത് ചൈനയിലും റബ്ബറിന് ഡിമാന്‍ഡ് കുറച്ചു. പ്രതികൂല കാലാവസ്ഥ മൂലം ചൈനയിലെ വിവിധ ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതും റബ്ബര്‍ വിലയെ ബാധിക്കാം.
വെളിച്ചെണ്ണ വില്‍പ്പന നടത്താന്‍ കൊപ്രയാട്ട് വ്യവസായികള്‍ മത്സരിച്ചത് വിപണിയെ തളര്‍ത്തി. ക്രിസ്തുമസ് അടുത്തിട്ടും— പ്രദേശിക ആവശ്യം ഉയരാഞ്ഞത് സ്‌റ്റോക്ക് ഇറക്കാന്‍ മില്ലുകാരെ പ്രേരിപ്പിച്ചു. തമിഴ്‌നാട്ടില്‍ വിളവെടുപ്പ് പുനരാരംഭിച്ചതും വില്‍പ്പന സമ്മര്‍ദത്തിന് കാരണമായി. കൊച്ചിയില്‍ വെളിച്ചെണ്ണ 9700 രൂപയില്‍ നിന്ന് 9400 രൂപയായി. കൊപ്ര 6590 ല്‍ നിന്ന് 6395 രൂപയായി.
ചുക്ക് വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡ് മങ്ങിയത് മൂലം വിവിധയിനം ചുക്കിന്— 500 രൂപ കുറഞ്ഞു.— കൊച്ചിയില്‍ മീഡിയം ചുക്ക് 18,500 രൂപയിലും ബെസ്റ്റ് 20,000 രൂപയിലുമാണ്.
ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് നീക്കം കുറഞ്ഞത് ഉല്‍പ്പന്നം നേട്ടമാക്കി. ആഭ്യന്തര ഡിമാന്‍ഡില്‍ 600 രൂപ വര്‍ധിച്ച് ഗാര്‍ബിള്‍ഡ് കുരുമുളക് 69,200 രൂപയായി. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് ടണ്ണിന് 10,800 ഡോളറാണ്. ഇറക്കുമതിക്കാരില്‍ നിന്ന് ഇന്ത്യന്‍ കുരുമുളകിന് ആവശ്യക്കാരില്ല. അതേസമയം നേരത്തെ ഉറപ്പിച്ച കച്ചവടങ്ങള്‍ മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ കുരുമുളക് എടുത്തു.
സ്വര്‍ണ വില താഴ്ന്നു. 19,200 ല്‍ വില്‍പ്പനക്ക് തുടക്കം കുറിച്ച പവന്‍ ഒരവസരത്തില്‍ 18,880 ലേക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്ച 19,080 രൂപയിലാണ്. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1071 ഡോളറില്‍ നിന്ന് 1045 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം 1066 ഡോളറിലാണ്.