Connect with us

Kerala

ഭീകരവാദം: മാധ്യമങ്ങള്‍ ദിശാബോധം കാണിക്കണം- കാന്തപുരം

Published

|

Last Updated

കൊച്ചി: തീവ്രവാദത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ദിശാബോധം കാണിക്കേണ്ടതുണ്ടെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഇസ്‌ലാമിന്റെ പേരിലോ സംഘടനകളുടെ പേരിലോ തീവ്രവാദം ആരോപിക്കുമ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ പരിശോധിക്കേണ്ടതാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ) വരച്ചുകാണിച്ചതും പിന്‍ഗാമികളായ ഖലീഫമാരും അവരെ യഥാര്‍ഥ രൂപത്തില്‍ പിന്തുടര്‍ന്ന ഭരണാധികാരികളും ലോകത്ത് സമാധാനപരമായ ഭരണവ്യവസ്ഥിതി നടപ്പിലാക്കിയവരാണ്.
ഇവര്‍ക്ക് കീഴില്‍ ജീവിച്ച വിവിധ മതവിഭാഗങ്ങള്‍ക്ക് സ്വന്തം വിശ്വാസക്രമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഒരു ഭരണാധികാരി തന്റെ പ്രജകള്‍ക്ക് നല്‍കേണ്ട എല്ലാ സംരക്ഷണവും നല്‍കിയിട്ടുണ്ട്. ലോകത്ത് ഒരാളും അക്രമവും അനീതിയും ആഗ്രഹിക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നൂറുകണക്കിന് പുകുഞ്ഞുങ്ങള്‍ ബോംബ് പൊട്ടി മരിക്കാനിടയാക്കി സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്ക പോലും ഭീകരതക്കെതിരെ പ്രസംഗിക്കുന്നു. അക്രമത്തിലൂടെ ലോകത്ത് ഒരിടത്തും ഇസ്‌ലാം അധികാരത്തില്‍ വന്നിട്ടില്ല. കേരളമടക്കമുള്ള എല്ലായിടത്തും ഇസ്‌ലാം വളര്‍ന്നത് നബിയുടെ ജീവിതം മാതൃകയാക്കിയതുകൊണ്ടാണ്. ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമില്‍ പരിഹാരമുണ്ടെന്നും കാന്തപുരം അബൂബ ക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എറണാകുളത്ത് സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
സമസ്ത മുശാവറ അംഗങ്ങളായ മഞ്ഞപ്പാറ ഹംസ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, ഐഡിയ ട്രസ്റ്റ് സ്ഥാപകന്‍ അമാനുല്ല ഹസ്‌റത്ത് കോയമ്പത്തൂര്‍, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബുല്‍ ബുശ്‌റ മൗലവി ചേലക്കുളം, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, അന്‍ വര്‍സാദത്ത് എം എല്‍ എ, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഹബീബ് കോയ തങ്ങള്‍ മലപ്പുറം, സയ്യിദ് സൈനുദ്ദീല്‍ ആബിദീന്‍ തങ്ങള്‍ ബാഫക്കി മലേഷ്യ, സയ്യിദ് ഇബ്ബിച്ചിക്കോയ തങ്ങള്‍, മന്‍സൂര്‍ ഹാജി ചെന്നൈ, സയ്യിദ് പി സി തങ്ങള്‍ കോഴിക്കോട്, സയ്യിദ് പി എം എസ് തങ്ങള്‍ വടുതല, എ അഹമ്മദ്കുട്ടിഹാജി, ഒ കെ അബ്ദുള്‍ ഹക്കീം മുസ്‌ലിയാര്‍ സയ്യിദ് പൂക്കോയ തങ്ങള്‍ കോഴിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റും ഹുബ്ബുറസൂല്‍ സ്വാഗതസംഘം ചെയര്‍മാനുമായ പി അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍ കല്‍ത്തറ സമ്മേളനത്തില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ. സി എ മജീദ് നന്ദിയും പറഞ്ഞു.

Latest