‘കര്‍ണാടകയില്‍ രാജ്യത്തെ വലിയ ആണവനിലയം ഒരുങ്ങുന്നു’

Posted on: December 20, 2015 6:59 am | Last updated: December 20, 2015 at 11:59 am
SHARE

reactorന്യൂഡല്‍ഹി: ദക്ഷിണ കര്‍ണാടകയില്‍ ഇന്ത്യ അതിരഹസ്യ ആണവശാല പണിയുന്നെന്ന് അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാരികയായ ‘ഫോറിന്‍ പോളിസി’യുടെ റിപ്പോര്‍ട്ട്. സൈനികേതര ആണവ ആവശ്യത്തിനും ആണവായുധങ്ങള്‍ നിര്‍മിക്കാനും നിലവിലുള്ളവയുടെ ക്ഷമത വര്‍ധിപ്പിക്കാനുമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ചെല്ലകെരെയില്‍ 2012ന്റെ ആദ്യം ശാലയുടെ പണിതുടങ്ങി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആണവോര്‍ജ നിര്‍മാണശാലയാണിത്. ആണവോര്‍ജ ഉത്പാദന യന്ത്രങ്ങള്‍, ആണവ ഗവേഷണ ലബോറട്ടറികള്‍, ആയുധനിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ ഈ സമുച്ചയത്തിലുണ്ടാകും.
ആണവഗവേഷണം വിപുലമാക്കുക, രാജ്യത്തെ ആണവ റിയാക്ടറുകള്‍ക്കാവശ്യമായ ഇന്ധനമുണ്ടാക്കുക, പുതിയ മുങ്ങിക്കപ്പലുകളുടെ കരുത്തുകൂട്ടുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് വാരികയുടെ അഭിപ്രായം. എന്നാല്‍, പുതിയ ഹൈഡ്രജന്‍ ബോംബുകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വന്‍ശേഖരമുണ്ടാക്കുകയാണ് സുപ്രധാനലക്ഷ്യമെന്ന് ഇന്ത്യയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലണ്ടനിലെയും വാഷിംഗ്ടണിലെയും നിഷ്പക്ഷ വിദഗ്ധരെയും ഉദ്ധരിച്ച് വാരിക പറയുന്നു.
1974ലാണ് ഇന്ത്യ ആണവശക്തിയായത്. അന്ന് മുതല്‍ ഇതുവരെ രാജ്യത്തിന്റെ ആണവായുധങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നൂറ്റിപ്പത്തോളം ആണവായുധങ്ങള്‍ ഇന്ത്യക്കുണ്ടെന്നാണ് വിലയിരുത്തല്‍, പാക്കിസ്ഥാന് 120ഉം ചൈനയുടെ പക്കല്‍ 260 ആണവായുധങ്ങളുണ്ടെന്ന് കരുതുന്നു.
ഇന്ത്യയുടെ രഹസ്യപദ്ധതിയെ പാക്കിസ്ഥാനും ചൈനയും പ്രകോപനമായിക്കാണും. സ്വന്തം ആണവശേഷി വര്‍ധിപ്പിച്ചാകും ഇവ പ്രതികരിക്കുക. ചൈനക്കെതിരായ പ്രതിരോധം എന്ന നിലയിലാകും ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് 2009- 2013 കാലത്ത് യു എസിന്റെ ആണവ നിയന്ത്രണ പദ്ധതിയുടെ കോഓര്‍ഡിനേറ്ററായിരുന്ന ഗാരി സമോറിനെ ഉദ്ധരിച്ച് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെല്ലകെരെ പദ്ധതിക്കൊപ്പം മൈസൂരുവില്‍ ഇന്ത്യ നിര്‍മിക്കാനുദ്ദേശിക്കുന്ന ആണവശാലയുടെ മേലും പാശ്ചാത്യനിരീക്ഷണ ഏജന്‍സികള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here