കുട്ടിക്കുറ്റവാളിക്ക് മോചനം; പ്രതിഷേധം, നിരോധനാജ്ഞ

Posted on: December 20, 2015 5:22 pm | Last updated: December 20, 2015 at 11:37 pm
SHARE

juvenile-convict

ന്യൂഡല്‍ഹി: ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മോചിപ്പിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സന്നദ്ധ സംഘടനക്ക് കൈമാറി. വടക്കന്‍ ഡല്‍ഹിയിലെ സന്നദ്ധ സംഘടനയാണ് ബാലനീതി ബോര്‍ഡില്‍ നിന്ന് ഇയാളെ ഏറ്റെടുത്തത്. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പ്രതിയുടെ മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് സന്നദ്ധ സംഘടനക്ക് കൈമാറിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിയിലെ തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് സന്നദ്ധ സംഘടനക്ക് കൈമാറിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇയാളെ ഡല്‍ഹിയില്‍ തന്നെ താമസിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി എ കെ ഗോയല്‍ അധ്യക്ഷനായ അവധിക്കാല ബഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു വനിതാ കമ്മീഷന്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജി നല്‍കിയത്. വിശദമായ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മോചിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഡല്‍ഹി വനിതാ കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.
അതേസമയം, പ്രതിയെ മോചിപ്പിച്ച തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പോലീസ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകുന്നേരം ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ ഇന്ത്യാ ഗേറ്റിന് സമീപമെത്തി പ്രതീകാത്മക പ്രതിഷേധം സംഘടപ്പിച്ചിരുന്നു. പ്രതിയെ സ്വദേശമായ ഉത്തര്‍പ്രദേശിലെ ബദായൂമിലേക്ക് കൊണ്ടുവരുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീസുരക്ഷാ നിയമം വേഗത്തില്‍ നടപ്പാക്കണമെന്ന് ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
കുട്ടിക്കുറ്റവാളിയെ പാര്‍പ്പിച്ചിരുന്ന റിമാന്‍ഡ് ഹോമിന് പുറത്ത് നാനൂറോളം ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ ഇന്നലെ ധര്‍ണ നടത്തിയത്. ഇയാള്‍ക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയുടെ മോചനത്തിനെതിരെ സ്ത്രീ സംഘടനകളും രംഗത്തെത്തി.
2012 ഡിസംബര്‍ 16നായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്ന ജ്യോതി സിംഗിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ അഞ്ച് പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശനിലയില്‍ അവരെ തെരുവിലുപേക്ഷിക്കുകയായിരുന്നു.

  • Noufal

    Shame on Indian Judiciary and law makers….