Connect with us

National

സുബ്രഹ്മണ്യം സ്വാമിക്ക് സര്‍ക്കാര്‍ ബംഗ്ലാവും ഇസഡ് കാറ്റഗറി സുരക്ഷയും

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദമുയര്‍ത്തിയ കോടതി വ്യവഹാരങ്ങളിലൂടെ പ്രസിദ്ധനായ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിക്ക് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബംഗ്ലാവും ഇസഡ് കാറ്റഗറി സുരക്ഷയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജനപ്രതിനിധിയോ മറ്റ് ഔദ്യോഗിക പദവികളോ വഹിക്കാത്ത സുബ്രഹ്മണ്യം സ്വാമിക്ക് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ വക ബംഗ്ലാവ് നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് കമ്മിറ്റി ഫോര്‍ അക്കമൊഡേഷനാണ് തീരുമാനമെടുത്തത്.
കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസ സൗകര്യങ്ങള്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെ സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്കും പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ (എസ് പി ജി) സംരക്ഷണം അനുവദിച്ചിരിക്കുന്നവര്‍ക്കുമുള്ള നിയമത്തിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് സര്‍ക്കാര്‍ താമസ സൗകര്യം നല്‍കുന്നത്. സുബ്രഹ്മണ്യം സ്വാമിയുടെ സമീപകാല രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇസഡ് കാറ്റഗറി സുരക്ഷയും ഒരുക്കിയിരിക്കുന്നത്.
ഇതനുസരിച്ച് സ്വാമിയുടെ താമസ സ്ഥലത്ത് നാല്‍പ്പതോളം സായുധ സേനാംഗങ്ങളെ നിയോഗിക്കും. ഇത്രയും പേര്‍ക്ക് ജോലി ചെയ്യാന്‍ നിസാമുദ്ദീന്‍ ഈസ്റ്റിലെ ഇപ്പോഴത്തെ താമസ സ്ഥലത്ത് സൗകര്യമില്ലാത്തതു കൊണ്ടാണ് പുതിയ താമസ സൗകര്യം സര്‍ക്കാര്‍ തന്നെ നല്‍കുന്നതെന്നാണ് വിശദീകരണം. സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിക്കും ഈ ഇളവ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ബംഗ്ലാവ് നല്‍കിയിരുന്നു. പ്രിയങ്കാ ഗാന്ധി ഇപ്പോഴും ഈ ബംഗ്ലാവിലാണ് തുടരുന്നത്.

Latest