നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി, നാളെ മോചിപ്പിക്കും

Posted on: December 19, 2015 8:48 pm | Last updated: December 19, 2015 at 8:50 pm

juvenile_shifted_saahilന്യൂഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിയെ ഞായറാഴ്ച മോചിപ്പിക്കാനിരിക്കെയാണ് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതിയെ ഇവിടെ നിന്നും മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാലാണ് പ്രതിയെ ഔദ്യോഗികമായി മോചിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്ന് വര്‍ഷത്തെ ശിക്ഷക്ക് ശേഷം മോചിപ്പിക്കുന്നതിന് എതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. പ്രതിയുടെ മോചനം സ്‌റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് മോചനം ഉറപ്പായത്.

അതിനിടെ, പ്രതിയെ മോചിപ്പിക്കുന്നതിന് എതിരെ റിഫോം ഹോമിന് മുന്നില്‍ പ്രതിഷേധിച്ച, പീഡനത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിസിംഗിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇവരോടൊപ്പം പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഡല്‍ഹി പോലീസിന്റെ ഈ നടപടിക്ക് എതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.