Palakkad
ചുണ്ടമ്പറ്റ ഗ്രാമത്തെ നടുക്കി വീണ്ടും സഹോദരന്മാരുടെ അപകട മരണം
കൊപ്പം : ചുണ്ടമ്പറ്റ ഗ്രാമത്തെ നടുക്കി വീണ്ടും സഹോദരന്മാരുടെ അപകട മരണം. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ചുണ്ടമ്പറ്റ തെക്കെ തത്തനംപുള്ളി കാട്ടിരിക്കുന്നത്ത് മുഹമ്മദലിയുടെ മക്കളായ മുഹമ്മദ് റാസിഖ് (23), മുഹമ്മദ് റംസിക് (19) എന്നിവര്‍ ഇന്നലെയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. വൈകീട്ട് മൂന്നിന് പെരുമ്പിലാവ് പട്ടാമ്പി റോഡിലായിരുന്നു സംഭവം.
തൃശൂര്‍ പാസ്‌പോര്‍ട് ഓഫീസില്‍ പോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ജ്വല്ലറി ജീവനക്കാരനാണ് മരിച്ച റാസിഖ. ് കഴിഞ്ഞ ദിവസമാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് അവധിക്ക് നാട്ടിലെത്തിയത്. വിദേശ യാത്രക്കുള്ള മോഹവുമായാണ് റാസിഖ് പാസ്‌പോര്‍ട് അപേക്ഷിക്കുന്നതിന് തൃശൂരില്‍ പോയത്. വിദേശ ജോലി മതിയാക്കി നാട്ടിലെത്തിയ പിവാവും മകനെ വിദേശത്തേക്ക് പറഞ്ഞയക്കണമെന്ന് മോഹിച്ചാണ് പാസ്‌പോര്‍ട് എടുക്കുന്നതിന് തൃശൂരിലേക്ക് പറഞ്ഞുവിട്ടത്. പാസ്‌പോര്‍ട് തരപ്പെടുത്തി വിദേശ ജോലിക്ക് കയറണമെന്ന സ്വപ്‌നം ഇത്രപെട്ടെന്ന് ചിറകൊടിയുമെന്ന് ഇരുവരും നിനച്ചിരിക്കില്ല.
പ്രിയപ്പെട്ട രണ്ട് മക്കള്‍ ഞെട്ടറ്റുവീണ ദുഖത്തിലാണ് മുഹമ്മദലിയും കുടുംബവും. ഒരാഴ്ച മുമ്പാണ് വടക്കേ തത്തനംപുള്ളി ചോലയില്‍ ബഷീറിന്റെ മകള്‍ ഫെബിന (16)യും ചോലയില്‍ അബൂബക്കറിന്റെ മകള്‍ അസ്മ (19) യും കുന്തിപ്പുഴയില്‍ മുങ്ങി മരിച്ചത്. സഹോദരിമാരുടെ മുങ്ങി മരണ സംഭവത്തില്‍ നിന്നും ഞെട്ടല്‍ മാറും മുന്നെയാണ് സഹോദരന്മാരായ യുവാക്കളുടെ അപകട മരണ വാര്‍ത്ത നാട് കേള്‍ക്കുന്നത്. നാടിനെ നടക്കിയ സംഭവത്തില്‍ കുലുക്കല്ലൂര്‍ ഗ്രാമവും പരിസരവും തേങ്ങുകയാണ്.
യുവാക്കളുടെ ബൈക്കപകട മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ വലിയപറമ്പ് വീട്ടിലേക്കൊഴുകുകയാണ്. കുന്ദംകുളം സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മയ്യിത്തുകള്‍ ഇന്ന് വൈകീട്ട് മൂന്നിന് വലിയപറമ്പ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




