കാരശ്ശേരി ബേങ്ക് ശാഖക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷം

Posted on: December 19, 2015 10:56 am | Last updated: December 19, 2015 at 10:56 am

കോഴിക്കോട്: പൂവാട്ട്പറമ്പില്‍ ആരംഭിച്ച കാരശ്ശേരി ബേങ്ക് ശാഖക്കെതിരെ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. അനധികൃതമായി ശാഖ തുറന്നതിലുള്ള മറ്റ് സഹകരണസംഘം ഭാരവാഹികളുടെ പ്രതിഷേധവും, ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണയോടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതിലുള്ള ബേങ്ക് ജീവനക്കാരുടെയും അനുകൂലികളുടെയും ആഹ്ലാദപ്രകടനവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പൂവാട്ട്പറമ്പില്‍ സഹകരണ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മറ്റ് സഹകരണബേങ്കുകളുടെ പരിധിയില്‍ കാരശ്ശേരി സര്‍വ്വീസ് സഹകരണബേങ്ക് ശാഖാ പ്രവര്‍ത്തനം തുടരുന്നതെന്ന് കാണിച്ച് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി ഇരുപത്തിയൊന്ന് ദിവസമായി സത്യഗ്രഹം നടത്തിവരുന്ന ഇതര സഹകരണസംഘ സമരസമിതി, ഇവരുടെ ഇടയിലേക്ക് കാരശ്ശേരി ബേങ്ക് അനുകൂലികള്‍ സംഘടിച്ചെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബേങ്കിന്റെ ഓഫീസ് സംഘര്‍ഷത്തിനിടെ സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. മൂന്ന് പോലീസുകാര്‍ക്ക് സംഘര്‍ഷത്തിനിടെ പരുക്കേറ്റു. അക്രമസംഭവവുമായി ബന്ധപ്പെട്ട് സമരസമിതി അംഗങ്ങളായ പത്ത് പേരെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്ത് മണിയോടെ സമരക്കാരുടെ പ്രതിഷേധത്തെ അവഗണിച്ച് ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തില്‍ ബേങ്ക് അധികൃതര്‍ പൂവാട്ട്പറമ്പ് ശാഖ തുറന്ന് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രകോപനപരമായ ആഹ്ലാദപ്രകടനങ്ങള്‍ ശാഖ തുറന്നതോടെ അരങ്ങേറിയപ്പോഴാണ് സംഘര്‍ഷത്തിന് വഴിതുറന്നത്. മാവൂര്‍ പോലീസ് സ്റ്റേഷന്‍ എ എസ് ഐ ശശിധരന്‍, സിവില്‍ പോലീസ് ഓഫിസര്‍ സജീഷ്‌കുമാര്‍, മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ സി പി ഒ മുഹമ്മദ്കുട്ടി എന്നിവര്‍ക്ക് സംഘര്‍ഷത്തിനിടെ പരുക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമരാനുകൂലികളായ അജയന്‍ കെ സി, പി കെ ബഷീര്‍, മധുസൂദനന്‍, അനീഷ്, അനൂപ് പി ജി, സജി, ശ്രീരാജ്, അശ്‌റഫ്, മുസ്തഫ, ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. കാരശ്ശേരി ബേങ്ക് ജീവനക്കാരും അനൂകൂലികളുമാണ് പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി അവകാശപ്പെട്ടു. കാരശ്ശേരി ബേങ്കിന്റെ നടപടിക്കെതിരായും സമരാനുകൂലികള്‍ക്കെതിരായ മര്‍ദനത്തില്‍ പ്രതിഷേധിച്ചും ഇന്ന് കോഴിക്കോട് താലൂക്ക് പരിധിയില്‍ സഹകരണബന്ദ് നടത്തുമെന്ന് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ ഇ ഫസല്‍, സെക്രട്ടറി പി സി രാജന്‍ എന്നിവര്‍ അറിയിച്ചു.