ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്- രണ്ട് നിയമനം നടക്കുന്നില്ലെന്ന് ആക്ഷേപം

Posted on: December 19, 2015 10:55 am | Last updated: December 19, 2015 at 10:55 am

കൊയിലാണ്ടി: പി എസ് സി തയ്യാറാക്കിയ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്- രണ്ട് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. പത്ത് വര്‍ഷത്തിന് ശേഷമാണ് പി എസ് സി ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്- രണ്ട് പരീക്ഷ നടത്തിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷമായി. എന്നാല്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ലാബ് ടെക്‌നീഷ്യന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. 85 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ നിയമന കാര്യത്തില്‍ പി എസ് സി മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പില്‍ ജില്ലയില്‍ നൂറില്‍പരം ഒഴിവുകള്‍ ഉണ്ടെന്ന് അസോസിയേഷന്‍ പറയുന്നു. ഈ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ തഴയുകയാണ് ചെയ്യുന്നത്. പ്രായ പരിധി കഴിയുന്നതിനാല്‍ ഇനിയൊരു പരീക്ഷ എഴുതാന്‍ അവസരം ഇല്ലാത്തവരാണ് റാങ്ക് ലീസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം പേരും. നിലവില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് സെക്കന്‍ഡായി ജോലിചെയ്യുന്നവരെ ഗ്രേഡ് വണ്ണായി ഉയര്‍ത്താതെ നിലനിര്‍ത്തുന്നുണ്ട്. ഇതു കാരണം ജില്ലയില്‍ പുതുതായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പുതുതായി ഇരുപത്തിയഞ്ചിലധികം ലാബുകള്‍ നിലവില്‍ വന്നെങ്കിലും പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് ആരെയും നിയമിക്കുന്നില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.