ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതി

Posted on: December 19, 2015 10:54 am | Last updated: December 19, 2015 at 10:54 am

കൊയിലാണ്ടി: റോഡരികില്‍ ലോറി നിര്‍ത്തി വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നതായി പരാതി. കുന്നമംഗലം ചൂലാംവയല്‍ കുനിപൊയില്‍ മുസ്തഫ(47)ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കത്തി കൊണ്ടുള്ള കുത്തേറ്റ് മുസ്തഫയുടെ കൈ മുറിഞ്ഞു. അക്രമം തടയാനെത്തിയ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപത്തെ ബിയര്‍ പാര്‍ലര്‍ അസി. മാനേജര്‍ സതീഷ് കുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ മുരളി എന്നിവര്‍ക്കും പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിനു സമീപം റോഡരികില്‍ ലോറി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ മുസ്തഫ പറഞ്ഞു. ഇതു കണ്ട ബിയര്‍ പാര്‍ലര്‍ ജീവനക്കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ഇവര്‍ക്കു നേരെയും അക്രമം നടത്തുകയായിരുന്നു.
ഡ്രൈവറുടെ കൈവശമുളള 3000 രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. പയ്യോളി മുതല്‍ കൊയിലാണ്ടി ഭാഗം വരെയുള്ള പാതയോരത്ത് ഇതിനു മുമ്പും ഇത്തരത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്