തീരദേശം ഡിഫ്തീരിയ ഭീതിയില്‍

Posted on: December 19, 2015 10:47 am | Last updated: December 19, 2015 at 10:47 am

തിരൂര്‍: ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്ന തീരദേശത്ത് ഒരു വിദ്യാര്‍ഥിക്കു കൂടി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് പറവണ്ണ സ്വദേശിയായ പന്ത്രണ്ടുവയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.
ഡിഫ്തീരിയ ബാധിച്ച കൂട്ടായി എം എം എം ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വീണ്ടും രോഗ ലക്ഷണങ്ങള്‍ മറ്റൊരു വിദ്യാര്‍ഥിയില്‍ കണ്ടെത്തിയത്. കൂട്ടായി കോതപറമ്പ് ഐ ഐ എം എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഡിഫ്തീരിയ ലക്ഷണം കണ്ടെത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥി പുറത്തൂര്‍ പടിഞ്ഞാറെക്കര സ്വദേശിയാണ്. ശക്തമായ തൊണ്ട വേദനയും പനിയും അനുഭവപ്പെട്ട വിദ്യാര്‍ഥിയെ വെട്ടം വാക്കാട് കമ്മ്യൂനിറ്റ് ഹെല്‍ത്ത് സെന്ററില്‍ നടന്നുവരുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സക്ക് വിധേയമാക്കിയ കുട്ടിയില്‍ ചില രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥിരീകരിക്കുന്നതിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ തൊണ്ടയില്‍ നിന്നും മജ്ജ നീര് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. നാളെയാണ് ഇതിന്റെ പരിശോധനാ ഫലം പുറത്തുവരിക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടി പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.