Connect with us

Articles

നെയ്‌റോബി സമ്മേളനം വിദ്യാഭ്യാസവും ചതിക്കുഴിയില്‍

Published

|

Last Updated

ലോകവ്യാപാര സംഘടനയുടെ പത്താമത് മന്ത്രിതലസമ്മേളനം കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ കഴിഞ്ഞ ദിവസം അവസാനിച്ചല്ലോ. 2015 ഡിസംബര്‍ 15ന് സമ്മേളനം ആരംഭിച്ചതോടെ തന്നെ, ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങള്‍ ആശങ്കയിലായിരുന്നു. കാര്‍ഷിക രംഗവും പരിസ്ഥിതിയും തൊഴിലും ആരോഗ്യവും വിദ്യാഭ്യാസവുമെല്ലാം ലോകത്ത് ഇപ്പോള്‍ നിയന്ത്രിക്കുന്നത് ലോകവ്യാപാര സംഘടനയായതിനാല്‍ അവിടെയുണ്ടാകുന്ന തീരുമാനങ്ങള്‍ അംഗരാജ്യങ്ങള്‍ക്കെല്ലാം ബാധകമാണ്. ഉറുഗ്വേ റൗണ്ടില്‍ ആരംഭിച്ച ഉടമ്പടിയില്‍ ഇന്ത്യയും അംഗമായതിന് ശേഷം തൊഴില്‍ മേഖലയിലും തൊഴിലവകാശ രംഗത്തും കാര്‍ഷിക രംഗത്തും സംഭവിച്ച അപരിഹാര്യമായ പ്രത്യാഘാതങ്ങള്‍ ഇന്നും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 1994ല്‍ ഇന്ത്യ ഗാട്ട് കരാറില്‍ ഒപ്പിട്ടു. 2005ല്‍ ഗാട്‌സ് ഉടമ്പടിയിലും. ലോകവ്യാപാര സംഘടന നെയ്‌റോബിയില്‍ എത്തുമ്പോള്‍, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങള്‍ കൂടി ലോകവ്യാപാരത്തിന്റെ അഭേദ്യഭാഗമായി മാറുകയാണ്.
സേവനരംഗങ്ങള്‍ ലോകവ്യാപാരത്തിന്റെ ഭാഗമാക്കാനാണ് ഗാട്‌സ് ഉടമ്പടി (General Agreement on trade in services) കൊണ്ടുവന്നത്. അതില്‍ ഇന്ത്യ ഒപ്പുവച്ചെങ്കിലും അതിന്റെ സര്‍വഅംശങ്ങളെയും സംബന്ധിക്കുന്ന അന്തിമകരാര്‍ നെയ്‌റോബിയില്‍ വച്ച് ഒപ്പുവെക്കുമെന്ന ഭയാശങ്കകള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. (എന്നാല്‍, വ്യാപക പ്രതിഷേധത്തിന്റെ മുന്‍കാല അനുഭവം വെച്ച് നടപടിക്രമങ്ങള്‍ മറച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്)വിശേഷിച്ചും കേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനകം ചില ഓഫറുകള്‍ മുന്നോട്ടുവെച്ച സാഹചര്യത്തില്‍ ആശങ്കകള്‍ അസ്ഥാനത്തല്ല. നെയ്‌റോബി സമ്മേളനം കഴിഞ്ഞതോടെ ആ ഓഫറുകള്‍ നിയമപരമായി ഒരു ബാധ്യതയാകും. എന്തൊക്കെയാണ് ഓഫറുകള്‍?
ഒന്ന്, വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കും. സര്‍ക്കാര്‍ – സ്വകാര്യ വകഭേദമില്ലാതെ അത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സബ്‌സിഡി നിലക്കുമ്പോള്‍, അവക്ക് സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്താനുള്ള അവസരം നല്‍കും.
രണ്ട്, ലോകവ്യാപാര സംഘടനക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ നയസംബന്ധമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാം. അതിന് അക്രഡിറ്റേഷന്‍ നല്‍കപ്പെട്ട സ്ഥാപനത്തിന് അധികാരം നല്‍കും.
മൂന്ന്, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തും വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലും അവരവരുടെ സ്വന്തം ചെലവില്‍ പഠിക്കാം.
മേല്‍പ്പറഞ്ഞവ ലോകവ്യാപാര സംഘടനക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങോട്ട് സമര്‍പ്പിക്കുന്ന ഓഫറുകളാണ്. എന്നാല്‍, അതിന് മുന്നേ തന്നെ സുഗമമായ വിദ്യാഭ്യാസ വ്യാപാരത്തിനും നിയന്ത്രണത്തിനുമായി ലോകവ്യാപാര സംഘടന ഒരു കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഫോര്‍ ട്രേഡ് ഇന്‍ സര്‍വീസസ്. വിദ്യാഭ്യാസ വാണിജ്യത്തിന്റെ സൗകര്യങ്ങള്‍ക്കായി അത് പ്രാഥമികം, സെക്കന്‍ഡറി, ഉന്നതം, വയോജനം എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ വരുത്തുകയും നാല് മോഡുകളിലൂടെ അന്തര്‍ദേശീയ വിദ്യാഭ്യാസ വ്യാപാരം നടത്താനുള്ള ക്രമീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഒന്ന്, ദേശാതിര്‍ത്തികള്‍ ഭേദിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം, രണ്ട്, “ഉപഭോക്താവ്” വിദേശ രാജ്യങ്ങളില്‍ ചെന്ന് നേടുന്നത്, മൂന്ന്, മള്‍ട്ടിനാഷനല്‍ കോര്‍പറേറ്റുകള്‍ വിവിധ രാജ്യങ്ങളില്‍ നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ വ്യാപാരം, നാല്, വിദ്യാഭ്യാസ ദാതാക്കളായ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ വ്യക്തിത്വങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് നല്‍കുന്ന വിദ്യാഭ്യാസം. എല്ലാം ബിസിനസ്സ് മോഡില്‍ തന്നെയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസത്തെ ചരക്കായാണ് ഡബ്ലിയു ടി ഒ വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കാന്‍ എത്തുന്നവരെ ദാതാക്കളായും അധ്യാപകരെ സഹായികളായും വിദ്യാര്‍ഥികളെ ഉപഭോക്താക്കളായിട്ടുമാണ് ലോകവ്യാപാരസംഘടന കാണുന്നത്. എല്ലാ രേഖകളിലും അങ്ങനെയാണ് സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസം ആഗോളചരക്കായി മാറുന്നതോടെ അതിന്റെ മാനവീകമായ എല്ലാ ഉള്ളടക്കവും ചോര്‍ന്നൊലിച്ചുപോകും. വിദ്യാഭ്യാസ നടത്തിപ്പു പരിപൂര്‍ണമായും കഴുത്തറുപ്പന്‍ കച്ചവടക്കാരുടെ കൈകളില്‍ ചെന്നുചേരും. അന്തര്‍ദേശീയ വ്യാപാരക്കരാറുകളില്‍ ഇന്ത്യ എത്രത്തോളം ബാധ്യതകളില്‍ ഒപ്പുവെക്കുന്നുവോ അവയൊക്കെയും പാലിക്കുവാന്‍ നാം ബാധ്യസ്ഥരാകും. വിനാശകരമായ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കല്ല, ഇരകളായ വിദ്യാര്‍ഥികള്‍ക്കായിരിക്കും. ഉദാഹരണത്തിന്, ഫീസുള്‍പ്പെടെ വിദ്യാഭ്യാസ ചെലവുകളുടെ കാര്യത്തില്‍ ഒരു നിയന്ത്രണവും വരുത്താന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കു നിയമപരമായി ഒരു അവകാശവും ഉണ്ടാകില്ല. സാമ്രാജ്യത്വ അധിപന്മാര്‍ സര്‍വാധികാരിയായി നമ്മെ ഭരിക്കുന്ന കാലത്തേക്ക് കൂടുതല്‍ വേഗത്തില്‍ നടന്നടുക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന കരാറുകളില്‍ ഇന്ത്യ ഒപ്പിടാതിരിക്കുക എന്നതുമാത്രമാണ് പോംവഴി.
1999-ല്‍ സിയാറ്റിലില്‍ നടന്ന ഡബ്ലിയു ടി ഒ സമ്മേളനത്തിനെതിരെ ഉണ്ടായതുപോലെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാതെ ലോകവ്യാപാര സംഘടനയുടെ ആഗോളമൂലധന വാഴ്ചക്കനുരോധമായ നയങ്ങളെ ജനകീയമായി ചെറുത്തു നില്‍ക്കാനുമാകില്ല.
എന്നാല്‍, കേന്ദ്ര എന്‍ ഡി എ സര്‍ക്കാര്‍ മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ വിദ്യാഭ്യാസത്തെയും വ്യാപാരത്തിന് വിട്ടുകൊടുക്കുന്നുവെന്നതാണ് ബൗദ്ധികരംഗം നേരിടുന്ന വലിയ ഭീഷണികളിലൊന്ന്. വിശേഷിച്ചും ഗവേഷണരംഗത്ത്. ഫണ്ടിംഗ് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള യു ജി സി യുടെ തീരുമാനം വിപത്കരമാണ്. ഗവേഷണരംഗത്ത്, നെറ്റ് ഒഴികെയുള്ള ഫെലോഷിപ്പുകള്‍ വിതരണം ചെയ്യാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതോടെ സി എസ് ഐ ആര്‍, ടി ഐ എഫ് ആര്‍, ഐ ഐ എസ് സി തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ടിവരും. സര്‍വകലാശാലകളും പ്രതിസന്ധിയിലാകുകയും സ്വകാര്യവത്കരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അപ്പോള്‍, നമ്മുടെ രാജ്യത്ത് ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഭാവി എന്താകും എന്ന ചോദ്യം ഉയര്‍ന്നുവരുന്നു.
വിദേശ വിദ്യാഭ്യാസ ദാതാക്കള്‍, ഭാരതത്തിലെ ഉന്നത കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ മത്സരിക്കാനിറങ്ങുന്ന വാണിജ്യ തട്ടകത്തില്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ-മതേതര-സൗജന്യ-സാര്‍വത്രിക വിദ്യാഭ്യാസത്തിനൊന്നും സ്ഥാനമുണ്ടാകില്ല. പൊതുവിദ്യാഭ്യാസത്തിന് പകരം കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിക്കാന്‍ പോകുന്ന സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ സോണുകള്‍ മൂലധനത്തിന്റെ സൈ്വര്യവിഹാരം ഉറപ്പാക്കല്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ തൊഴിലവകാശങ്ങളുടെ ശവപ്പറമ്പാണെങ്കില്‍, സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ സോണുകള്‍ ജനാധിപത്യ വിദ്യാഭ്യാസ അവകാശങ്ങളുടെ അന്ത്യവേദിയായിരിക്കും. നിയന്ത്രിതമായ പ്രവേശം (Access Restricted) അഥവാ വാണിജ്യ സമുച്ഛയങ്ങളിലേക്ക് ടിക്കറ്റെടുത്ത് പ്രവേശിക്കുന്നതുപോലെ പ്രവേശം നിയന്ത്രിക്കപ്പെടും. വിദ്യാലയങ്ങള്‍ പ്രത്യേക വിശേഷാധികാരമേഖലകളായി മാറ്റപ്പെടാന്‍ പോകുന്നുവെന്നര്‍ഥം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനാധിപത്യാവകാശങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രമായി മാറുന്ന പുത്തന്‍ വ്യാപാര സംസ്‌കാരവുമായിട്ടാണ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സോണുകള്‍ കടന്നുവരുന്നത്. ലോകവ്യാപാര സംഘടന എത്രത്തോളമാണ് നമ്മുടെ ജനാധിപത്യ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളില്‍പോലും കടന്നുകയറിയിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ചരക്കുവത്കരണത്തിലൂടെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളത് മാത്രമല്ല ലോകവ്യാപാര സംഘടനക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ലക്ഷ്യമിടുന്നത്. മറിച്ച്, വിദ്യാഭ്യാസത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള മഹത്തായ മാനവദര്‍ശനങ്ങളും മാനവമൂല്യങ്ങളും ഒഴിവാക്കുക എന്നതും ഈ ആഗോളചരക്കുവത്കരണപ്രതിഭാസത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
തീര്‍ച്ചയായും ലോകവ്യാപാര സംഘടനയുടെ നീരാളിക്കൈകള്‍ ആശ്ലേഷിക്കുന്നത് ലോകത്തെ, സകലമാന ജനവിഭാഗങ്ങളെയുമാണെന്ന കാര്യം അറിയുമ്പോഴും വിദ്യാഭ്യാസ-ആരോഗ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ വ്യാപാരവത്കരണം മനുഷ്യനിര്‍മ്മിതിയെ സാരമായി ബാധിക്കുമെന്നതിനാല്‍ സേവനരംഗങ്ങളില്‍ ഇടപെടാന്‍ ഡബ്ല്യു ടി ബി യെ അനുവദിക്കാതിരിക്കുക എന്നത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നു. നെയ്‌റോബിയിലെ മന്ത്രിതല സമ്മേളനത്തിനെതിരെ ഇന്ത്യന്‍ ബൗദ്ധികരംഗം ഉണര്‍ന്നുവരുന്നത് നിശ്ചയമായും ഈയൊരു തിരിച്ചറിവില്‍ നിന്നു തന്നെയാണ്.

Latest