അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന് വിപുലമായ പരിപാടികള്‍

Posted on: December 18, 2015 8:12 pm | Last updated: December 18, 2015 at 8:12 pm

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന ശീര്‍ഷകത്തില്‍ ജനുവരി 10ന് മര്‍കസ് കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന് അന്തിമരൂപമായി.
മീലാദ് കോണ്‍ഫറന്‍സിന് മുന്നോടിയായി ജനുവരി 8,9 തിയ്യതികളില്‍ പൂനൂര്‍ മദീനത്തുന്നൂരില്‍ അന്താരാഷ്ട്ര ദഅ്‌വാ കോണ്‍ഫറന്‍സ് മുല്‍തഖ-2016ഉം 10-ാം തിയ്യതി രാവിലെ 10 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ പണ്ഡിത കോണ്‍ഫറന്‍സും നടക്കും. മുല്‍തഖ-2016ല്‍ അക്കാദമിക് കോണ്‍ഫറന്‍സ്, സസ്റ്റാന്റിവോ, സ്റ്റുഡന്‍സ് കൊളാരിയോ, യൂത്ത് എന്‍സമ്പിള്‍ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
നവലോകക്രമത്തില്‍ ഇസ്്‌ലാമിക സന്ദേശങ്ങള്‍ വിനിമയം ചെയ്യേണ്ട നൂതനമാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും പരിപാടിയിലെ മുഖ്യ അജണ്ട. ഇസ്്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവപണ്ഡിതര്‍, പ്രൊഫഷണലുകള്‍, അധ്യാപകര്‍, ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പ്രതിനിധികള്‍.
10ന് ഞായറാഴ്ച കോഴിക്കോട് നടക്കുന്ന പണ്ഡിത കോണ്‍ഫറന്‍സില്‍ വിദേശപ്രതിനിധികള്‍ക്ക് പുറമെ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 പണ്ഡിതന്മാര്‍ പങ്കെടുക്കും. വൈകീട്ട് 5ന് കോഴിക്കോട് കടപ്പുറത്ത് അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സോടെ പരിപാടികള്‍ സമാപിക്കും. സമ്മേളനങ്ങളില്‍ അറബ് രാജ്യങ്ങള്‍ക്ക് പുറമെ ബ്രിട്ടന്‍, ജോര്‍ദാന്‍, തുര്‍ക്കി, റഷ്യ, യമന്‍, ലിബിയ, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആഗോള പ്രശസ്തരായ പണ്ഡിതരും പ്രബോധകരും സംബന്ധിക്കും