മൗറിഞ്ഞോയെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

Posted on: December 18, 2015 9:38 am | Last updated: December 18, 2015 at 12:00 pm

jose-mourinhoലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് ഹൊസെ മൗറിഞ്ഞോയെ ഒഴിവാക്കി. സീസണില്‍ ഒമ്പത് തോല്‍വികളുമായി പതിനാറാം സ്ഥാനത്തായതോടെയാണ് ചെല്‍സി ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ മൗറിഞ്ഞോയെ പരസ്പര സമ്മതത്തോടെ നീക്കിയത്. മൗറിഞ്ഞോ ക്ലബ്ബിന് നല്‍കിയ നേട്ടങ്ങള്‍ അതുല്യമാണ്. ക്ലബ്ബ് ചരിത്രത്തിലെ മികച്ച പരിശീലകനാണദ്ദേഹം. എന്നാല്‍, ഇപ്പോള്‍ പരസ്പര ചര്‍ച്ചയിലൂടെ വഴിപിരിയാന്‍ തീരുമാനിച്ചിരിക്കുന്നു- ചെല്‍സി ക്ലബ്ബ് ഔദ്യോഗികമായി വെബ്‌സൈറ്റില്‍ അറിയിച്ചു.
മൗറിഞ്ഞോയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. താത്കാലിക പരിശീലകനായി ഡച്ച് കോച്ച് ഗസ് ഹിഡിങ്കിനെ ചുമതലപ്പെടുത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നു. അടുത്ത സീസണോടെ ബയേണ്‍ മ്യൂണിക് പരിശീലകന്‍ പെപ് ഗോര്‍ഡിയോളയെ ചെല്‍സി ടീമിലെത്തിക്കുമെന്ന തരത്തിലും ചര്‍ച്ച കൊഴുക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളുമായും ഗോര്‍ഡിയോളയുടെ പേര് ചര്‍ച്ച ചെയ്യപ്പെടുന്നു.
സീസണില്‍ ഓരോ തോല്‍വി പിണയുമ്പോഴും ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിച് മൗറിഞ്ഞോക്ക് പിന്തുണയര്‍പ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞാഴ്ച ചെല്‍സിയുടെ മുന്‍ പരിശീലകന്‍ ക്ലോഡിയോ റാനിയേരിയുടെ ലീസെസ്റ്റര്‍ സിറ്റിയില്‍ നിന്നേറ്റ അടി ചെല്‍സി മാനേജ്‌മെന്റിന്റെ നിലപാട് മാറ്റി. മൗറിഞ്ഞോ ആദ്യമായി തന്റെ കളിക്കാരെ പഴിചാരിയത് ആ തോല്‍വിക്ക് ശേഷമായിരുന്നു. കളിക്കാര്‍ തന്നെ വഞ്ചിച്ചുവെന്നാണ് മൗറിഞ്ഞോ കുറ്റപ്പെടുത്തിയത്. ആദ്യ നാലില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് മൗറിഞ്ഞോ പ്രഖ്യാപിച്ചതോടെ, പ്രതീക്ഷ നയിച്ച കോച്ചിനെ ഇനിയും പിന്തുണക്കേണ്ടതില്ലെന്ന് ചെല്‍സി മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു.
2004-05 ല്‍ ആദ്യമായി ചെല്‍സിയുടെ പരിശീലക സ്ഥാനത്തെത്തിയ മൗറിഞ്ഞോ ഇംഗ്ലീഷ് ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ചു. 2004-2007 കാലഘട്ടത്തില്‍ ചെല്‍സി രണ്ട് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. 2013 ല്‍ വീണ്ടും ചെല്‍സിയില്‍ തിരിച്ചെത്തിയ മൗറിഞ്ഞോ ആദ്യ സീസണില്‍ തന്നെ ചെല്‍സിക്ക് കൈമോശം വന്ന പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുനല്‍കി വീരപുരുഷനായി. സ്‌പെയ്‌നില്‍ റയല്‍മാഡ്രിഡിനും ഇറ്റലിയില്‍ ഇന്റര്‍മിലാനും അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ശേഷമാണ് മൗറിഞ്ഞോ തന്റെ പഴയ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ തിരിച്ചെത്തിയത്. നടപ്പ് സീസണില്‍ പതിനാറ് മത്സരങ്ങളില്‍ നാല് ജയത്തില്‍ ഒതുങ്ങുന്നു ചെല്‍സിയുടെ നേട്ടം. ഒരു ചാമ്പ്യന്‍ ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനം എന്ന് നിസംശയം അടയാളപ്പെടുത്താം.
അമ്പത്തിരണ്ടുകാരനായ ജോസ് മൗറിഞ്ഞോ ഫിഫയുടെ പ്രഥമ കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ വ്യക്തിയാണ്. ഇന്റര്‍മിലാനെ സീരി എ ലീഗ് കിരീടത്തിലേക്കും യുവേഫചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ചാണ് മൗറിഞ്ഞോ കോച്ച് ഓഫ് ദ ഇയറായത്.
2004 ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതോടെയാണ് മൗറിഞ്ഞോ ലോകഫുട്‌ബോളില്‍ ശ്രദ്ധേയനാകുന്നത്.

വിട്ടൊഴിതായെ വിവാദങ്ങള്‍

കഴിഞ്ഞ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ മൗറിഞ്ഞോക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. പുതിയ കളിക്കാരെ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാഞ്ഞത് വലിയ തിരിച്ചടിയായി. ഫോമിലുള്ള കളിക്കാരാണെങ്കില്‍ അവിശ്വസനീയമാം വിധം നിറം കെട്ടു. ഇതിനിടെയാണ് ടീമിലെ വനിതാ ഡോക്ടര്‍ ഇവ കനേറോയുമായുണ്ടായ തര്‍ക്കം.
ആഗസ്റ്റ് എട്ടിന് സ്വാന്‍സിക്കെതിരെ 2-2ന് സമനിലയായ മത്സരത്തില്‍ എദെന്‍ ഹസാദിനെ ചികിത്സിക്കാന്‍ പോയ ഇവ താരത്തെ ഗ്രൗണ്ടിന് പുറത്തേക്ക് ചികിത്സിക്കാന്‍ കൊണ്ടു വന്നു. നിര്‍ണായക ഘട്ടത്തില്‍ ആള്‍ബലം കുറഞ്ഞത് മൗറിഞ്ഞോയെ ചൊടിപ്പിച്ചു. ഫുട്‌ബോളിനെ കുറിച്ച് അറിയാത്തവള്‍ ടീമില്‍ വേണ്ടെന്ന് മൗറിഞ്ഞോ പറഞ്ഞത് വിവാദമായി. കോച്ചുമായി ഉടക്കി ഇവ ചെല്‍സി വിടുകയും ചെയ്തു. തന്നെ അപമാനിച്ചെന്ന പരാതി മൗറിഞ്ഞോക്കെതിരെ നല്‍കിയിട്ടുണ്ട് ഇവ.