ഐ ലീഗ് ജനുവരി ഒമ്പതിന്

Posted on: December 18, 2015 5:39 am | Last updated: December 18, 2015 at 12:40 am

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളിന് ജനുവരി ഒമ്പതിന് കിക്കോഫ്. നിലവിലെ ജേതാക്കളായ മോഹന്‍ബഗാനും പുതിയ ടീമായ എയ്‌സാല്‍ എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലീഗിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ ഈസ്റ്റ്ബംഗാളും മോഹന്‍ബഗാനും തമ്മിലുള്ള കൊല്‍ക്കത്തന്‍ ഡെര്‍ബിയുടെ ആദ്യപാദം 23ന്.
രണ്ടാം പാദം ഏപ്രില്‍ രണ്ടിന് നടക്കും. മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തുമെന്നതില്‍ കോച്ച് സഞ്‌ജോയ് സെന്നിന് സംശയമില്ല. എന്നാല്‍, കഴിഞ്ഞ സീസണ്‍ ചരിത്രമായിക്കഴിഞ്ഞുവെന്നും പുതിയ സീസണില്‍ എല്ലാം ആദ്യം മുതല്‍ക്ക് ആരംഭിക്കേണ്ടതുണ്ടെന്നും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് പ്രധാനമെന്നും സഞ്‌ജോയ് സെന്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ജേതാക്കളായ് ടോപ് ഡിവിഷനിലെത്തിയ ടീമാണ് എയ്‌സാല്‍ എഫ് സി. ഐ ലീഗില്‍ മത്സരിക്കുന്ന ആദ്യ മിസോറം ക്ലബ്ബാണ് എയ്‌സാല്‍ എഫ് സി. ജനുവരി പതിനാറിന് എയ്‌സാല്‍ ആദ്യ ഹോം മാച്ചില്‍ ബെംഗളുരു എഫ് സിയെ നേരിടും.
ലീഗിലെ മറ്റൊരു പുതുമുഖം പൂനെയില്‍ നിന്നുള്ള ഡി എസ് കെ ശിവാജിയന്‍സാണ്. ജനുവരി മുപ്പതിന് ബാലെവാഡി സ്റ്റേഡിയത്തില്‍ ഡി എസ് കെ ആദ്യ ഹോം മാച്ചില്‍ മോഹന്‍ബഗാനെ നേരിടും.